ലഖ്‌വി ജയില്‍ മോചിതനായി

Posted on: April 10, 2015 4:00 pm | Last updated: April 10, 2015 at 11:40 pm

lakvi

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലശ്കറെ ത്വയ്യിബ ഓപറേഷനല്‍ കമാന്‍ഡറുമായ സക്കീയുര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലഖ്‌വിയെ മോചിപ്പിക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ആറ് വര്‍ഷം നീണ്ടുനിന്ന തടവിനൊടുവില്‍ റാവല്‍പിണ്ടിയിലെ ആദിയാല ജയിലില്‍ നിന്ന് ലഖ്‌വി മോചിതനാകുന്നത്. ലഖ്‌വിയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് ജമാഅത്തുദ്ദവ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ലഖ്‌വിയെ മോചിപ്പിച്ചത്. ലഖ്‌വി ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലഖ്‌വിയെ തടങ്കലില്‍ വെക്കാനുള്ള പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കിയ ലാഹോര്‍ ഹൈക്കോടതി, എത്രയും പെട്ടെന്ന് മോചിപ്പിക്കാനും വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തീവ്രവാദവിരുദ്ധ ലകോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ലഖ്‌വിക്ക് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഖ്‌വിയെ തടങ്കലില്‍ വെക്കാന്‍ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഉത്തരവിട്ടത്. കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിനു ശേഷമാണ് ജാമ്യം നല്‍കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടത്.
അതേസമയം, ലഖ്‌വിക്കെതിരെ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ ഒരു ഹരജി തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. 2014 ഡിസംബറില്‍ തീവ്രവാദവിരുദ്ധ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സമര്‍പ്പിച്ച ഹരജിയാണ് അത്. ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതി വിധിച്ചാല്‍ ലഖ്‌വി ജയിലിലേക്ക് തിരിച്ചുപോകേണ്ടി വരും.
2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് ലഖ്‌വിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ചുമത്തിയത്. ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ലശ്കറെ ത്വയ്യിബ സ്ഥാപകനും ജമാഅത്തുദ്ദവ നേതാവുമായ ഹാഫീസ് സഈദിന്റെ അടുക്ത ബന്ധുവാണ് ലഖ്‌വി. 2008 ഡിസംബറിലാണ് ലഖ്‌വി അറസ്റ്റിലാകുന്നത്. ലഖ്‌വിയെ മോചിപ്പിച്ച നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‌വി അറസ്റ്റിലായത്. പിന്നീടു മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചു.

എന്നാല്‍, ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു ലഖ്‌വിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ലാഹോര്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

അതേസമയം ലഖ്‌വിയെ മോചിപ്പിച്ചെന്ന വാര്‍ത്ത നിര്‍ഭാഗ്യകരമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.