ആന്ധ്രയിലെ പോലീസ് വെടിവെപ്പ്: തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു

Posted on: April 10, 2015 5:59 am | Last updated: April 9, 2015 at 11:00 pm

ഗൂഡല്ലൂര്‍: ആന്ധ്രാപ്രദേശില്‍ തമിഴരെ പോലീസ് വെടിവെച്ച് കൊന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കോത്തഗിരിയില്‍ ഒരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കോത്തഗിരി സ്വദേശി തങ്കരാജ് (40) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. പോലീസ് ഇടപ്പെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു. വിടുതലൈ ശിറുതൈ, എം ഡി എം കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡിന് മുമ്പില്‍ ധര്‍ണ നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സഹദേവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അത്‌പോലെ നാംതമിഴര്‍ സംഘടനയും ഗൂഡല്ലൂര്‍ ബസ്റ്റാന്‍ഡിന് മുമ്പില്‍ ധര്‍ണ നടത്തി. കാര്‍മേഘം നേതൃത്വം നല്‍കി.