Connect with us

Kasargod

ബിവറേജ് മദ്യശാലകളുടെ ഔട്ട്‌ലൈറ്റുകളില്‍ ഇടനിലക്കാരുടെ തള്ളിക്കയറ്റവും സംഘര്‍ഷവും

Published

|

Last Updated

കാസര്‍കോട്: പഞ്ചനക്ഷത്രഹോട്ടലുകള്‍ ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടിയതോടെ സംസ്ഥാനത്തെ ബിവറേജ് മദ്യശാലകളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് അനിയന്ത്രിതമാകുന്നു. തിരക്കുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടാന്‍ താത്പര്യമില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ മദ്യം വാങ്ങി നല്‍കുന്ന ഇടനിലക്കാരുടെ എണ്ണവും ഇതോടൊപ്പം ഇരട്ടിച്ചു.
പത്തുരൂപയും ഇരുപത് രൂപയും പ്രതിഫലം വാങ്ങിയാണ് ഇടനിലക്കാര്‍ ആവശ്യക്കാര്‍ക്ക് മദ്യം വാങ്ങി നല്‍കുന്നത്. ഇത്തരക്കാരുടെ തള്ളിക്കയറ്റത്തെ ക്യൂ സിസ്റ്റം പാലിക്കുന്നവര്‍ ചോദ്യം ചെയ്യുമ്പോള്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുന്നു. പ്രശ്‌നം ചിലപ്പോള്‍ അക്രമങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ഇടനിലക്കാര്‍ പ്രതിഫലം വര്‍ധിപ്പിച്ച് അമ്പതുരൂപ വരെയാക്കിയിട്ടുണ്ട്. കാസര്‍കോട്ടെ ബിവറേജ് മദ്യശാലകളില്‍ ഇപ്പോള്‍ എന്നും തിരക്കോട് തിരക്കാണ്. ഏറെ ദൂരം നീണ്ടുനില്‍ക്കുന്ന ക്യൂ ഉന്തിലും തള്ളിലും കലാശിക്കുന്നതും അതുമൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പതിവായിക്കഴിഞ്ഞു.
പോലീസിന്റെ സഹായം ലഭിക്കാത്തതിനാല്‍ ബിവറേജ് മദ്യശാലകളിലെ ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ പാടുപെടുന്നു. വിഷു ആഘോഷം അടുത്തതോടെ തിരക്ക് ഒരുവിധത്തിലും നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്റിലെയും നുള്ളിപ്പാടിയിലെയും ബിവറേജ് ഔട്ട് ലൈറ്റുകളിലെ തിരക്കുകള്‍ റോഡുകളിലേക്ക് നീണ്ട് വാഹനഗതാഗതം വരെ തടസ്സപ്പെടാന്‍ കാരണമാകുന്നുണ്ട്. കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ചെറുവത്തൂരിലെയും വെള്ളരിക്കുണ്ടിലെയും ബിവറേജ് മദ്യശാലകളുടെ സ്ഥിതിയും വിഭിന്നമല്ല. ഏറെ നേരം നീണ്ടുനില്‍ക്കുന്ന സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഈ ഭാഗങ്ങളിലേക്ക് പോലീസ് തിരിഞ്ഞുനോക്കാറുള്ളൂ. കാഞ്ഞങ്ങാട്ടെ ബിവറേജ് മദ്യശാലയിര്‍ മദ്യം വാങ്ങാന്‍ എത്തുന്നവരില്‍ സ്ത്രീകളുമുണ്ട്.

Latest