അവധി ദിവസങ്ങളിലെ ജോലി; ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധത്തില്‍

Posted on: April 10, 2015 12:25 am | Last updated: April 9, 2015 at 9:25 pm

കാസര്‍കോട്: കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ വിഷുവിനോട് അനുബന്ധിച്ച് അനുവദിക്കപ്പെട്ട അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്ന ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ തീരുമാനം അധ്യാപക ദ്രോഹ നടപടിയാണെന്നും അത് പിന്‍വലിക്കണമെന്നും എ കെ എസ് ടി യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ഏപ്രില്‍ ആറിനാണ് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങിയത്. എട്ടിന് ഹര്‍ത്താലായതിനാല്‍ 11 ാം തീയ്യതി രണ്ടാം ശനിയാഴ്ചയായിട്ടും പ്രവൃത്തിദിനമായി പ്രഖ്യാപിച്ചു. കൂടാതെ വിഷുവിനോട് അനുബന്ധിച്ച് അധ്യാപകര്‍ക്ക് ആകെ ലഭിക്കുന്ന അവധി തിങ്കളും ചൊവ്വയുമാണ്. ഇതില്‍ തിങ്കളാഴ്ചയും പ്രവൃത്തിദിവസമാണ്. വിഷുവിനോട് അനുബന്ധിച്ച് അധ്യാപകര്‍ക്ക് രണ്ട് ദിവസങ്ങളില്‍ അവധി നല്‍കിയാലും മൂല്യനിര്‍ണയ ക്യാമ്പ് പൂര്‍ത്തിയാക്കാവുന്നതാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷുവിനോട് അനുബന്ധിച്ച് ക്യാമ്പില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട അവധി അനുവദിക്കാതെ തിരക്ക് പിടിച്ച് മൂല്യനിര്‍ണയും പൂര്‍ത്തിയാക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം എല്ലാവര്‍ഷവും മെയ് അവസാന വാരത്തിലാണ് പ്രഖ്യാപിക്കുന്നത്. എ കെ എസ് ടി യു ജില്ലാ കമ്മറ്റി യോഗത്തില്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
നാരായണന്‍ മാസ്റ്റര്‍ അജയകുമാര്‍, ജയന്‍ നീലേശ്വരം, വത്സന്‍ പിലിക്കോട്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി രാജഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.