നിയമലംഘനം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

Posted on: April 9, 2015 7:00 pm | Last updated: April 9, 2015 at 7:40 pm

മസ്‌കത്ത്: നിയമം ലംഘിച്ച് ഡ്യൂട്ടി ചെയ്ത മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് ഗുരുതരമായ നടപടി സ്വീകരിച്ചത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അനുസൃതമല്ലാതെ സേവനം ചെയ്യുകയും ആവശ്യമായ രേഖകളും ലൈസന്‍സും കൈവശമില്ലാതെ ജോലിയിലേര്‍പ്പെടുകയും ചെയ്തവര്‍ക്കെതിരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് ഇസ്റ്റാബഌഷ്‌മെന്റ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
പിടിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ചിലരുടെ യോഗ്യതയും പ്രാവിണ്യവും അധികൃതര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന് പുറമെ ഇവര്‍ ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചിട്ടിട്ടുണ്ട്. രണ്ടായിരം റിയാലിന് മുകളില്‍ ഓരോരുത്തര്‍ക്കും പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദാക്കാനുമാണ് അധികൃതരുടെ തീരുമാനം.
വ്യാജ ഡോക്ടര്‍മാരും അനുമതിയില്ലാതെ ചികിത്സ നടത്തുന്നവരും സജീവമായതോടെ ആരോഗ്യ മന്ത്രലായത്തിന്റെയും മറ്റും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്.