ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് രണ്ടാഴ്ചക്കുള്ളില്‍

Posted on: April 9, 2015 6:11 pm | Last updated: April 9, 2015 at 6:11 pm

studentsമസ്‌കത്ത്: തലസ്ഥാനത്തെ ആറ് ഇന്ത്യന്‍ സ്‌കൂളുകളിലേക്ക് പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. രണ്ടാഴ്ചക്കുള്ളില്‍ രണ്ടാഘട്ട അലോട്ടമെന്റിന്റെ നറുക്കെടുപ്പ് നടക്കുമെന്ന് ബി ഒഡി വക്താക്കള്‍ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഡ്മിഷന് അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൂര്‍ണമായും സീറ്റ് ഉറപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആദ്യത്തെ അലോട്ട്‌മെന്റ് പൂര്‍ത്തിയയപ്പോള്‍ 1,900 കുട്ടികളാണ് വെയിറ്റിംഗ്‌ലിസ്റ്റിലേക്ക് പോയത്. മസ്‌കത്ത്, ദാര്‍സൈത്ത്, സീബ്, മബേല, വാദികബീര്‍, ഗുബ്ര എന്നീ സ്‌കൂളുകളില്‍ 2,378 സീറ്റാണ് ഉണ്ടായിരുന്നെങ്കില്‍ കെ ജി സെഷന്‍ മുതല്‍ പ്ലസ്‌വണ്‍ വരെയുള്ള ക്ലാസുകളിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 5,000 ആയിരുന്നു. കഴിഞ്ഞ മാസം നടന്ന ആദ്യത്തെ നറുക്കെടുപ്പില്‍ 3,100 വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ അഡ്മിഷന്‍ നടപടികള്‍ ഏകദേശം പൂര്‍ത്തിയാകാറായിട്ടുണ്ട്.

രണ്ടാം അലോട്ട്‌മെന്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ സ്‌കൂളുകള്‍ ഏതാണെന്ന് എസ് എം എസ്, ഇമെയില്‍ വഴി അധികൃതരെ അറിയിക്കണമെന്നും രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും നറുക്കെടുപ്പ് ഉണ്ടാകുകയെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ആദ്യത്തെ നറുക്കെടുപ്പില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ മാറാനുള്ള അവസരം ഉണ്ടായേക്കില്ല.
ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് അഡ്മിഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭ്യമാക്കാനായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളടക്കമുള്ള ചില സ്‌കൂളുകളില്‍ ഉച്ചക്കുള്ള ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്താനും സീറ്റ് നില ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഒരു ക്ലാസിലുള്ള കുട്ടികളുടെ അനുപാതം നിയമാനുസൃത ക്ലാസിനേക്കാള്‍ ഇരട്ടിയിലധികമായേക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നതാണ് വിദ്യാര്‍ഥികളുടെ ക്രമാതീതമായ വര്‍ധന.
കെ ജി സെഷനുകളിലും പ്രൈമറി ക്ലാസുകളിലും കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ ആശങ്കക്കിടയാക്കും. കുട്ടികള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് ക്ലാസുകളിലെയും കെട്ടിടങ്ങളിലെയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, ശാന്തമായ സ്‌കൂള്‍ അന്തരീക്ഷം എന്നിവ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിച്ചാല്‍ തന്നെയും തലസ്ഥാന നഗരിയില്‍ താമസിക്കുന്നവര്‍ക്ക് സീബ്, മബേല സ്‌കൂളിലേക്ക് സീറ്റ് ലഭിക്കാനുള്ള സാഹചര്യം കൂടുതലാണ്. അഡ്മിഷനായി അപേക്ഷിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരും ദാര്‍സൈത്ത്, മസ്‌കത്ത്, വാദി കബീര്‍ എന്നി സ്‌കൂളുകളിലേക്കാണ്.