മരുന്നുകളും ആരോഗ്യ രക്ഷാ ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനെതിരെ മന്ത്രാലയം

Posted on: April 9, 2015 5:00 pm | Last updated: April 9, 2015 at 5:22 pm

അബുദാബി: തടികുറക്കാനും മറ്റുമുള്ള മരുന്നുകളും ആരോഗ്യ പരിരക്ഷാ ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ വഴി കണ്ടെത്തിവാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.
ഇത്തരത്തില്‍ വില്‍പന നടക്കുന്ന മരുന്നുകളില്‍ പലതും രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിന്റെ രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാത്തതാണ്. ലോകത്തെവിടെയെങ്കിലുമുള്ള ഉത്തരവാദപ്പെട്ട ഒരു സംവിധാനവും അംഗീകാരം നല്‍കാത്തവയും കൂട്ടത്തിലുണ്ട്. ഇത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുമെന്നതിനാലാണ് മന്ത്രാലയം ഇതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
അമിതവണ്ണം, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ ധാരാളം പേര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന് മോഹന വാഗ്ദാനങ്ങളുമായാണ് ചിലര്‍ ഓണ്‍ലൈനിലൂടെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ പലതും ഹെര്‍ബല്‍ ഇനത്തില്‍പെട്ട മരുന്നുകളാണെന്ന പ്രചാരണം ഇരകളെ കൂടുതല്‍ ആകര്‍ഷിക്കാനും ഇടയാക്കുന്നുണ്ട്. എല്ലാം കൈവിരല്‍ തുമ്പിലൂടെ ലഭ്യമാക്കുകയെന്നത് ഒരു ‘ട്രന്റ്’ആയി മാറിയ ഇക്കാലത്ത് ഇതും ദുരുപയോഗത്തിന് കാരണമാകുന്നുണ്ട്.
അമിതവണ്ണം കുറക്കാനും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന് പരസ്യപ്പെടുത്തി അംഗീകാരമില്ലാത്ത മരുന്നുകള്‍ രാജ്യത്ത് വില്‍പന നടത്തുന്ന വെബ്‌സൈറ്റ് അടുത്തകാലത്ത് ആരോഗ്യമന്ത്രാലയം കണ്ടെത്തി നിരോധിച്ചതായി അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി അറിയിച്ചു. മരുന്നുകള്‍ ഹെര്‍ബല്‍ ഇനത്തില്‍പെട്ടതാണെന്ന് പ്രചരിപ്പിച്ചാണ് രാജ്യത്ത് വില്‍പന നടത്താന്‍ ശ്രമിച്ചിരുന്നത്. മരുന്നുകളുടെ ചിത്രം സഹിതമാണ് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നത്.
മരുന്നുകളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ യു എ ഇയിലെ മാത്രമല്ല, ലോകത്തെവിടെയും രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും ഉത്തരവാദപ്പെട്ട ഒരു അതോറിറ്റിയും അംഗീകരിച്ചിട്ടില്ലാത്തതുമായ മരുന്നായിരുന്നു ഇതെന്ന് വ്യക്തമായി.
ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം പൊതുജനങ്ങള്‍ക്കുമുമ്പില്‍ ഇത്തരം മുന്നറിയിപ്പുകളുമായി വീണ്ടും രംഗത്ത് വന്നതെന്നും അല്‍ അമീരി പറഞ്ഞു. പണം കൊടുത്ത് അനാരോഗ്യം വിലക്കുവാങ്ങുന്ന പ്രവണതയില്‍ അകപ്പെടരുത്. രാജ്യത്ത് കഴിയുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ പൊതുജനങ്ങളുടെയും ആരോഗ്യ പരിരക്ഷയില്‍ മന്ത്രാലയത്തിന് ബാധ്യതയുള്ളതിനാലുമാണ് മന്ത്രാലയം പൊതുജനങ്ങളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കുന്നത്.
രോഗിയെ നേരില്‍കണ്ട് ഡോക്ടര്‍ എഴുതുന്ന കുറിപ്പ് പ്രകാരമല്ലാതെ ഒരാളും ഒരുതരം മരുന്നും വാങ്ങരുതെന്ന് മന്ത്രാലയം ഉപദേശിച്ചു. ‘ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ്’ സംസ്‌കാരമായി മാറിയ ഇക്കാലത്ത് ഓരോരുത്തരും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാകണമെന്നും അല്‍ അമീരി ഓര്‍മപ്പെടുത്തി.