Connect with us

Wayanad

കാര്‍ഷിക മേഖലയില്‍ തിരക്കേറി; തൊഴിലാളി ക്ഷാമം രൂക്ഷം

Published

|

Last Updated

കല്‍പ്പറ്റ: വേനല്‍മഴ മികച്ച തോതില്‍ ലഭിച്ചതോടെ കാര്‍ഷികമേഖലയില്‍ തിരക്കേറി. അത്യാവശ്യം കൃഷിപ്പണികളും മറ്റ് ജോലികളും നടത്താനുള്ള തത്രപ്പാടിലാണ് കര്‍ഷകര്‍. മേപ്പാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഇതിലോടകം മൂന്നും നാലും മഴകള്‍ വരെ ലഭിച്ചു. നല് മഴ ലഭിച്ചതോടെ കൃഷിപ്പണികള്‍ നടത്താനായി കര്‍ഷകരും രംഗത്തെത്തി. കപ്പ, ചേന, കാച്ചില്‍, തുടങ്ങിയവയൊക്കെ നട്ടുവയ്ക്കാനുള്ള തിരക്കിലാണിപ്പോള്‍ കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍ നട്ടുവച്ച കുരുമുളക് ചെടികളുടെ ചുവട് കിളച്ച് വളം ഇടേണ്ട സമയവും ഇപ്പോഴാണ്. അതിന് പുറമെ കുരുമുളകിന്റെ താങ്ങുകാലുകള്‍, ചോലമുറിച്ച് ഒരുക്കുകയും വേണം. വലിയ ഒരു മുളക്‌ചെടിയുടെ ചുവട്ടില്‍ വളമിടേണ്ടതും ഇപ്പോഴാണ്. നല്ല മഴ കിട്ടിക്കഴിയുമ്പോള്‍ വളം കൊത്തിമൂടണം. അങ്ങനെ എല്ലാത്തരത്തിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ തിരക്ക് കൂടിയിരിക്കുകയാണ്. എന്നാല്‍ ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഒരു തരത്തിലുമുള്ള പണികള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതാണ് പണികള്‍ മുടങ്ങാന്‍ കാരണം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിക്കുവേണ്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു സ്ഥലത്തും ഇപ്പോള്‍ തൊഴിലാളികളെ കിട്ടാനില്ല. പിന്നെ ചുരുക്കം സ്ത്രീ തൊഴിലാളികളാണിപ്പോള്‍ കൃഷിപ്പണിയുമായി രംഗത്തെത്തുന്നത്. അവരാകട്ടെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള തൊഴിലുറപ്പ് പദ്ധതിയിലെ ജോലികളുമാണ് ചെയ്യുന്നത്.
500 രൂപയും ചെലവും കൊടുത്താല്‍പോലും ഇപ്പോള്‍ ഒരാളെ കൃഷിപ്പണിക്ക് കിട്ടാത്ത അവസ്ഥയാണ്. അതിനാല്‍തന്നെ ഓരോ കര്‍ഷകനും ഇപ്പോള്‍ നേരംവെളുക്കുന്നതിന് മുമ്പ്തന്നെ വാഹനങ്ങളുമായി ആദിവാസികോളനികളില്‍ ചുറ്റിക്കറങ്ങുകയാണ്. ഒരാളെയെങ്കിലും ലഭിച്ചാല്‍ അത്രയും പണിയെങ്കിലും ചെയ്യാമെന്നാണ് ഓരോ കര്‍ഷകരും കരുതുന്നത്.

Latest