തലമുറകളായി അടിമവേല ചെയ്യുന്ന 101 പേരെ ബീഹാറില്‍ മോചിപ്പിച്ചു

Posted on: April 9, 2015 2:52 am | Last updated: April 8, 2015 at 11:53 pm

ന്യൂഡല്‍ഹി: ബീഹാറിലെ മധുബനി ജില്ലയില്‍ ബേനിപ്പട്ടി സബ്ഡിവിഷനില്‍ 38 കുടുംബങ്ങളിലായി അടിമവേല ചെയ്തുവന്ന 101 തൊഴിലാളികളെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് രക്ഷിച്ചു. തലമുറകളായി ഭൂവുടമകള്‍ക്ക് കീഴില്‍ അടിമവേല ചെയ്തിരുന്ന കുടുംബങ്ങളില്‍ പെട്ടവരാണ് ഇവര്‍.
ഭൂവുടുമയുടെ വീട്ടിലും സന്തതിപരമ്പരക്ക് കീഴിലും വീട്ടുവേലയും കൃഷിപ്പണിയും ചെയ്തുവരികയായിരുന്നു ഇവര്‍. ‘കാമിയ’ എന്നറിയപ്പെടുന്ന അടിമവേല സമ്പ്രദായമാണ് ഇത്. ഇവര്‍ക്ക് നിയമാനുസൃത കുറഞ്ഞ കൂലി നല്‍കുന്നില്ല. അതിന് പകരം ദമ്പതികള്‍ക്ക് ഒരു ദിവസത്തേക്ക് രണ്ട് കിലോഗ്രാം വീതം അരിയാണ് കൂലിയായി നല്‍കുന്നത്.
ഇപ്രകാരം അടിമവേല ചെയ്യുന്നവരില്‍ ഏറെയും പട്ടിക ജാതിയില്‍പ്പെവരാണ്. മുസാഹര്‍ സമുദായക്കാരായ ഈ അടിമവേലക്കാര്‍ ഒരു ദിവസം 10 മണിക്കൂറിലേറെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാണ്. ഭൂവുടമയുടെ കുടുംബത്തെ വിട്ടുപോകാനൊ മറ്റാര്‍ക്കെങ്കിലും കീഴില്‍ ജോലിചെയ്യാനൊ ഇവര്‍ക്ക് അവകാശമില്ല.
അടിമവേലയില്‍ നിന്ന് മോചിപ്പിച്ച 101 പേര്‍ക്കും വിവിധ സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സ്വന്തമായി കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ ചിലര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ കുടുംബങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അടിമവേലചെയ്യാന്‍ നിര്‍ബധ്ധിതരായ പലരുടെ പേരിലും ജന്മിമാര്‍ കള്ളക്കേസ് കൊടുത്തിട്ടുണ്ട്. രക്ഷകരാവേണ്ടവര്‍ പീഢകരായിമാറുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.