കരാറുകാരുടെ കുടിശ്ശിക കുറക്കും; മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ തസ്തിക

Posted on: April 9, 2015 4:45 am | Last updated: April 8, 2015 at 11:46 pm

oommenchandiതിരുവനന്തപുരം: അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് സംസ്ഥാനത്തെ കരാര്‍ കുടിശ്ശിക എട്ടുമാസമാക്കി കുറച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബില്ലുകളുടെ സീനിയോരിറ്റി നോക്കി പണം നല്‍കുന്ന രീതി മാറ്റി വകുപ്പു തിരിച്ചുള്ള ബജറ്റ് വിഹിതത്തില്‍ നിന്ന് ബില്ലുകള്‍ മാറാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് ബില്‍ഡിംഗ്‌സ്, ഇറിഗേഷന്‍, ഹാര്‍ബര്‍, റോഡ്‌സ് എന്നീ വകുപ്പുകളായി വേര്‍തിരിച്ചാവും ഇനി മുതല്‍ ബില്ലുകള്‍ മാറുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ പതിനാല് മാസത്തെ ബില്ലുകളാണ് സംസ്ഥാനത്ത് കുടിശ്ശികയായുള്ളത്. ഇതില്‍ ഏറെയും പൊതുമരാമത്ത് റോഡ് വിഭാഗവുമായി ബന്ധപ്പെട്ടതാണ്. നിലവില്‍ സീനിയോരിറ്റി നോക്കി ബില്ലുകള്‍ മാറുന്നതിനാല്‍ ബജറ്റ് വിഹിതം ഉണ്ടായിട്ടും പല വകുപ്പുകള്‍ക്കും ബില്ലുകള്‍ മാറാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവിലെ ബില്ലുകള്‍ ബേങ്കുകള്‍ വഴി ഡിസ്‌കൗണ്ട് ചെയ്ത് അടുത്ത മാര്‍ച്ചോടെ കുടിശ്ശിക കുറച്ചുകൊണ്ടുവരും.
മഞ്ചേരി, ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ചില തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും. മഞ്ചേരിയില്‍ അഞ്ച് അസോസിയേറ്റ് പ്രഫസര്‍ തസ്തികകളും 4 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളും സൃഷ്ടിക്കും. ഇടുക്കിയില്‍ ഇത് യഥാക്രമം ഒന്നും ഏഴുമായിരിക്കും. 36 അനധ്യാപക തസ്തികകളും 82 ക്ലറിക്കല്‍ തസ്തികകളും സൃഷ്ടിക്കും. ഇതിനു പുറമേ, മഞ്ചേരിയില്‍ എട്ട് അധ്യാപകരെയും ഇടുക്കിയില്‍ 28 അധ്യാപകരെയും തസ്തികമാറ്റം വഴിയോ, അപ്ഗ്രഡേഷന്‍ വഴിയോ നിയമിക്കും.
നാഷനല്‍ ബാക്ക്‌വേഡ് ക്ലാസ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മത്സ്യഫെഡിന് നല്‍കുന്ന 100 കോടി രൂപയുടെ ധനസഹായത്തിന് സര്‍ക്കാര്‍ അഞ്ച്‌വര്‍ഷത്തെ ഗ്യാരന്റി നില്‍ക്കും. സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് 2009 മുതലുള്ള ശമ്പള പരിഷ്‌കരണം അനുവദിച്ചു. നീണ്ടകര ഫിഷറീസ് കോര്‍പറേഷനിലെ പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാരില്‍ 9 മുതല്‍ 18 വര്‍ഷം വരെ സേവനമനുഷ്ഠിച്ച ശേഷം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ പിരിഞ്ഞുപോകുന്നവര്‍ക്ക് സേവനകാലാവധി ഒരുവര്‍ഷത്തിന് 5000 രൂപ വീതം നല്‍കും.
സംസ്ഥാനത്ത് മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി സുബോധം എന്നപേരില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടപ്പാക്കും. ഇതിനായി എക്‌സൈസ് മന്ത്രി ചെയര്‍മാനായി ഉന്നതതല സമിതി രൂപവത്കരിക്കും. ഉദ്യോഗസ്ഥര്‍ക്കു പുറമേ, മദ്യവര്‍ജ്ജന, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും സമിതിയില്‍ അംഗങ്ങളാക്കും. 2014-15ലെ മദ്യനയത്തില്‍ പറഞ്ഞ വിപുലമായ ബോധവത്കരണപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോവര്‍ഷവും ഒരുലക്ഷം പേരെ മദ്യാസക്തിയില്‍ നിന്നു മോചിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മദ്യനയം അംഗീകരിച്ച കോടതിവിധി സര്‍ക്കാറിന്റെ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.