Connect with us

Gulf

ഹാഫിലാത്ത് മെയ് 15ന് പ്രാബല്യത്തില്‍

Published

|

Last Updated

അബുദാബി: ഹാഫിലാത്ത് സ്മാര്‍ട് കാര്‍ഡ് മെയ് 15ന് നിലവില്‍ വരും “എളുപ്പത്തില്‍ യാത്ര ചെയ്യാം” എന്ന സന്ദേശവുമായാണ് അബുദാബി ഗതാഗത വകുപ്പ് (ഡോട്ട്) ഹാഫിലാത്ത് കാര്‍ഡ് പുറത്തിറക്കുന്നത്. ഇതോടെ ഉജ്‌റ കാര്‍ഡും നാണയ തുട്ടുകളും ഇല്ലാതാകും. കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി നഗര പരിധിയില്‍ സ്ഥാപിച്ച യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പരിശോധനകളും ആരംഭിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
തിക്കിത്തിരക്കി ചില്ലറകളുമായി ബസില്‍ ഓടിക്കയറുന്നത് ഒഴിവാക്കാനാണ് പുതിയ സ്മാര്‍ട് കാര്‍ഡ് സംവിധാനം ഏര്‍പെടുത്തുന്നതെന്ന് ഡോട്ട് ആക്ടിംഗ് ജനറല്‍ മാനേജര്‍ മുഹമ്മദ് നാസര്‍ അല്‍ ഉതൈബ വ്യക്തമാക്കി.
ഓരോ യാത്രക്കനുസരിച്ച് കാര്‍ഡില്‍ റീചാര്‍ജ് ചെയ്യാനും ഓരോ ആഴ്ചക്കും മാസത്തിനുമായി ഒരുമിച്ച് റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ട് ഹാഫിലാത്തില്‍. കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചാണ് ചാര്‍ജ് ഈടാക്കുക.
കൂടുതല്‍ തവണ കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കാര്‍ഡ് കളഞ്ഞ് പോകല്‍, മോഷണം എന്നിവ തടയുന്നതിനായി കാര്‍ഡുകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ട്രാന്‍സ്‌പോര്‍ട് ബസ് സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അബുദാബിയില്‍ നിലവിലുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കുക, പൊതു ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ ആറു മാസത്തോളം സൗജന്യമായും പിന്നീട് രണ്ട് വര്‍ഷത്തോളം ഒരു ദിര്‍ഹം ഈടാക്കിയും പിന്നീട് ഇതുവരെ രണ്ട് ദിര്‍ഹം നിരക്കിലുമാണ് നഗരപരിധിയില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്.
മൂന്ന് രീതിയിലുള്ള കാര്‍ഡുകളാണ് നിലവില്‍ വരിക. സാധാരണ കാര്‍ഡ്, വിദ്യാര്‍ഥികളുടെ കാര്‍ഡ്, മുതിര്‍ന്നവരുടെ കാര്‍ഡ് എന്നിവയാണ് അവ. ഇതുവരെ ഒരു മാസം കാലാവധിയുള്ള 80 ദിര്‍ഹമിന്റെ ഉജ്‌റ കാര്‍ഡ് ഹാഫിലാത്ത് നിലവില്‍ വരുന്നതോടെ ഇല്ലാതാകും. ഒരു മാസം കാലാവധിയുണ്ടായിരുന്ന കാര്‍ഡിന് ഇനി 14 ദിവസമാണ് കാലാവധി. വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് കാര്‍ഡിന് 150 ദിര്‍ഹമാണ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കുവാനുള്ളതിന് 500 ഉം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളതിന് 150 ദിര്‍ഹവുമാണ് നിരക്ക്.
കാര്‍ഡ്ആവശ്യമുള്ള വിദ്യാര്‍ഥികളും മുതിര്‍ന്നവരും തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥാപന അധികാരിയുടെ എഴുത്ത്, ഫോട്ടോ എന്നിവ ഡോട്ടിന്റെ ഓഫീസില്‍ നല്‍കിയാല്‍ മാത്രമേ കാര്‍ഡ് ലഭിക്കുകയുള്ളുവെന്ന് ഡോട്ട് അധികൃതര്‍ വ്യക്തമാക്കി. കാര്‍ഡുകള്‍ എയര്‍പോര്‍ട്ട്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, പ്രധാന ബസ് സ്റ്റേഷനുകള്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. കാര്‍ഡില്‍ അഞ്ച് ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെ കാശ് നിറക്കാനാക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി