വിമാനയാത്രയില്‍ തീപ്പെട്ടി കൈവശം വെക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി

Posted on: April 8, 2015 6:10 am | Last updated: April 8, 2015 at 10:10 am

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ തീപ്പെട്ടി കൈവശം വെക്കാറുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ തനിക്ക്് ദേഹപരിശോധനകളില്‍ ഇളവ് ലഭിക്കുന്നതിനാല്‍ നിയമവിരുദ്ധമായി തീപ്പെട്ടിയും ലൈറ്ററുകളും കൈവശം വെക്കാന്‍ പ്രയാസമുണ്ടാകാറില്ലെന്നും മന്ത്രി പറഞ്ഞു. ഡി ആര്‍ ഡി ഒ ഭവനില്‍ വ്യോമയാനാ സുരക്ഷാ ബ്യൂറോ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത പുകവലിശീലമുള്ളതിനാല്‍ തനിക്ക് യാത്രാസമയത്ത് തീപ്പെട്ടികളും ലൈറ്ററുകളും ഒഴിച്ചു കൂടാനാകാത്തതാണ്. തീപ്പെട്ടി എങ്ങനെയാണ് ഒരു സുരക്ഷാ ഭീഷണിയാകുക. ആര്‍ക്കും തീപ്പെട്ടി ഉപയോഗിച്ച് വിമാനം റാഞ്ചാന്‍ സാധിക്കില്ല. ലോകത്തൊരിടത്തും അത്തരത്തില്‍ ഒരു സംഭവവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് തന്റെ വാദത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വ്യോമയാന നിയമനുസരിച്ച് വിമാനത്തില്‍ തീപ്പെട്ടി കൊണ്ടു പോകുന്നത് ശിക്ഷാര്‍ഹമാണ്.