കൂറ്റനാട് ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയായി

Posted on: April 7, 2015 10:41 am | Last updated: April 7, 2015 at 10:41 am

കൂറ്റനാട്: ഇരുപത്തിഒന്ന് വര്‍ഷം മുമ്പ് പ്രതീക്ഷയോടെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് കൂറ്റനാട് പട്ടാമ്പി റേഡില്‍ നിര്‍മിച്ച വി പി ആതന്‍കുട്ടി സ്മാരക ബസ്സ്റ്റാന്റ് നോക്കുകുത്തിയായി.

ബസുകള്‍ കൈയൊഴിഞ്ഞ ബസ് സ്റ്റാന്റ് ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. 1994 ആഗസ്റ്റ് 12ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്ചുതാനന്ദനാണ് ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന ദിവസം മാത്രം സ്റ്റാന്റില്‍ കയറിയ ബസ്സുകള്‍ പിന്നീട് സ്റ്റാന്റിനെകൈ വിട്ടു.
കെ എം മാധവവാര്യരുടെ നേതൃത്വത്തിലുളള സി പി എം നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് ഭരണ സമിതിയാണ് കൂറ്റനാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി പി ആതന്‍കുട്ടിയുടെ സ്മാരകമായി കൂറ്റനാട് ബസ് സ്റ്റാന്റ് പണികഴിപ്പിക്കാന്‍ തീരുമാനം എടുത്തത്.
അന്നു മുതലുളള വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു. കൂറ്റനാട് സെന്ററില്‍ നിന്ന് ഏറെ ദൂരത്തായി ബസ് സ്റ്റാന്റിന്‌വേണ്ടി സ്ഥലം എടുത്തതോടെ വിവാദങ്ങള്‍ തുടങ്ങി ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് സ്റ്റാന്റില്‍ ബസ്സുകള്‍ കയറ്റുന്നതിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആദ്യകാലത്ത് പോലീസ് സഹായത്തോടെ ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിരുന്നെങ്കിലും പോലീസ് പിന്‍മാറിയതോടെ ബസ്സുകള്‍ സ്റ്റാന്റിനെ കയ്യൊഴിഞ്ഞു.
2001 ല്‍ ബസ്സുകള്‍ സ്റ്റാന്റില്‍ കയറാത്തതുമായി ബന്ധപ്പെട്ട് നാഗലശ്ശേരി പഞ്ചായത്ത് ‘രണ സമിതി കേരള ഹൈക്കോടതിയെ സമീപിക്കുകയും കോടതി എല്ലാ റൂട്ട് ബസ്സുകളും സ്റ്റാന്റില്‍ കയറണമെന്നും ഇതുപാലിക്കാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആര്‍ ഡി ഒവിനും പോലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇത് വീഴ്ച വരുത്തിയപ്പോള്‍ 2003 ല്‍ പഞ്ചായത്ത്ഭരണ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും അന്നത്തെ പട്ടാമ്പി സി ഐ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിവരെ ഉണ്ടായിട്ടും ബസ്സുകള്‍ സ്ഥിരമായി സ്റ്റാന്റില്‍ കയറ്റാന്‍ കഴിഞ്ഞിട്ടില്ല.
അന്നത്തെ തൃത്താല എം എല്‍ എ യുടെ അധ്യക്ഷതയില്‍ 2007 ല്‍ ഒക്‌ടോബര്‍ 17ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഉദ്യോഗസ്ഥരുടേയും ബസ്സുടമകളുടേയും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടേയും പൗരപ്രമുഖരുടേയും യോഗം ചേര്‍ന്ന് 2007 നവംബര്‍ 1 മുതല്‍ എല്ലാ ബസ്സുകളും സ്റ്റാന്റില്‍ കയറാന്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും അതിനും ഒന്നരമാസത്തെ ആയൂസ്സേ ഉണ്ടായിരുന്നുളളൂ. സ്റ്റാന്റിനു സമീപത്തു തന്നെ സബ് ട്രഷറി, കാര്‍ഷിക വികസന ബേങ്ക്, സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ബസ് സ്റ്റാന്റ് സമുച്ചയത്തിലേക്ക് ബസ്സുകള്‍ കയറുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാര്‍