വോട്ടേഴ്‌സില്‍ പേരില്ല; ആര്‍ക്കും വേണ്ടാത്ത കുടുംബത്തെ എസ് വൈ എസ് ഏറ്റെടുത്തു

Posted on: April 7, 2015 3:54 am | Last updated: April 7, 2015 at 12:10 am

tsr sys swanthanam photoകയ്പമംഗലം: ശരീരം തളര്‍ന്ന് ആരുടെയും തുണയില്ലാതെ കിടപ്പിലായിരുന്ന രോഗിക്കും കുടുംബത്തിനും സഹായ ഹസ്തവുമായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരെത്തി. 42 ദിവസമായി വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് റാഫിയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെയാണ് എസ് വൈ എസ് കയ്പമംഗലം സോണ്‍ സാന്ത്വനം കമ്മറ്റി ഏറ്റെടുത്തത്.
റാഫിയെയും കുടുംബത്തെയും സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തകരെയും മറ്റു സാംസ്‌കാരിക സംഘടനകളെയും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ എ മാഹിന്‍ സമീപിച്ചെങ്കിലും വോട്ടേഴ്‌സ് പട്ടികയില്‍ പേരില്ലാത്ത ഈ കുടുംബത്തെ ഏറ്റെടുക്കാതെ അവരെല്ലാം പിന്തിരിയുകയായിരുന്നു. ഒടുവില്‍ തെരുവില്‍ ജീവിതം ഹോമിക്കപ്പെടേണ്ട റാഫിയെയും കുടുംബത്തെ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ വാടക വീട് ഏര്‍പ്പാടാക്കി പുനരധിവസിപ്പിച്ചു. പരിചരണത്തിനും കുട്ടികളുടെ പഠനച്ചിലവിനും സഹായകമാകുന്ന രീതിയില്‍ പൂര്‍ണമായി ഏറ്റെടുക്കുന്നതിനാണ് കയ്പമംഗലം സോണ്‍ എസ് വൈ എസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സാഹചര്യം ഒരുക്കിയത്. എസ് വൈ എസ് സാന്ത്വനവുമായി സഹകരിച്ച് കുട്ടികളുടെ പഠന ചെലവ് ബ്രാലം ഉമരിയ്യ വഹിക്കും.
സാന്ത്വനം പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എത്തിയ ഓട്ടോ തൊഴിലാളികളുടെയും ആശുപത്രിയിലെ സന്ദര്‍ശകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വലപ്പാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ എസ് വൈ എസ് തൃശൂര്‍ ജില്ലാ ക്ഷേമകാര്യ പ്രസിഡന്റ് പി എം എസ് തങ്ങള്‍ ബ്രാലം, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ എ മാഹിന്‍, സാന്ത്വനം ജില്ലാ കോഡിനേറ്റര്‍ ശറഫുദ്ദീന്‍ മുനക്കകടവ്, സോണ്‍ പ്രസിഡന്റ് ഇസ്ഹാഖ് മുസ്‌ലിയാര്‍, സെക്രട്ടറി സിറാജുദ്ദീന്‍ സഖാഫി, അഡ്വ. ബദറുദ്ദീന്‍, റഫീഖ് ലത്വീഫി, നൗഷാദ് മുസ്‌ലിയാര്‍, പി എ അശ്‌റഫ്, അബ്ദുര്‍റഹീ മുസ്‌ലിയാര്‍ സംബന്ധിച്ചു.