അനധികൃത ടാക്‌സി: ഷാര്‍ജയില്‍ 162 കേസുകള്‍ പിടികൂടി

Posted on: April 6, 2015 6:04 pm | Last updated: April 6, 2015 at 6:04 pm

Taxi Sharjahഷാര്‍ജ: അധികൃതരുടെ അനുമതിയില്ലാത്ത വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നഗരസഭ പരിശോധന വ്യാപകമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 162 കേസുകള്‍ പിടികൂടി.
ടാക്‌സി പെര്‍മിറ്റില്ലാത്ത വാഹനങ്ങളില്‍ ആളുകളെ കൊണ്ടുപോകുന്നതിനെതിരെയാണ് പരിശോധന കര്‍ശനമാക്കിയത്. സ്വകാര്യ കാറുകളാണ് പലരും ഇതിനായി ഉപയോഗിക്കുന്നത്. പ്രധാന വരുമാനമാര്‍ഗമായാണ് പലരും ഈ മേഖല തിരഞ്ഞെടുക്കുന്നത്.
താമസിക്കാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ കഴിയുന്ന നിര്‍മാണ മേഖലയിലും മറ്റും ജോലിയെടുക്കുന്ന ലേബേഴ്‌സിനെ എടുക്കാനും കൊണ്ടുവിടാനും ചിലര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അനധികൃത ടാക്‌സി സര്‍വീസിന്റെ ഗണത്തിലാണ് എണ്ണുന്നത്. ഇത്തരക്കാര്‍ക്കെതിരെ വന്‍തുക പിഴ ഉള്‍പെടെ കര്‍ശന നടപടിയാണ് കൈക്കൊള്ളുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം ഒന്നാം ഘട്ടം 5,000 ദിര്‍ഹമാണ് പിഴ ചുമത്തുക. ഇതിനു പുറമെ ഇനി ആവര്‍ത്തിക്കില്ലെന്ന് കരാര്‍ എഴുതി വാങ്ങുകയും ചെയ്യും. വീണ്ടും പിടിക്കപ്പെടുന്ന മുറക്ക് പിഴ ചുമത്തുക 10,000 ദിര്‍ഹമായിരിക്കും. നാടുകടത്തുന്നതുള്‍പെടെ കര്‍ശന നടപടികള്‍ ഇവര്‍ക്കെതിരെ കൈക്കൊള്ളുകയും ചെയ്യും.
ഷാര്‍ജയിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ ഇത്തരം നിയമ വിരുദ്ധ പ്രവണത കൂടുതലായി നടക്കുന്നതായി അധികൃതര്‍ മനസ്സിലാക്കിയിട്ടുണ്ട്. അല്‍ മുസ്വല്ല, നാസിരിയ്യ, നബ്ബ, റോള തുടങ്ങിയവ അധികൃതരുടെ പ്രത്യേക നോട്ടമുള്ള ഇടങ്ങളാണ്. ദൂരെ മാറിനിന്ന്, ആളുകളെ വാഹനത്തില്‍ കയറ്റുന്നത് കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പരിശോധകര്‍ പിടികൂടുന്നത്.
ഇത്തരം നിയമ വിരുദ്ധ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ അപകടാവസ്ഥയെ ബോധവത്കരിച്ചുകൊണ്ട് നഗരസഭ, സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളിലും വിവിധ ഉപാധികളിലൂടെയും ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നതായി നഗരസഭയിലെ പരിശോധനാവിഭാഗം തലവന്‍ ഇബ്‌റാഹീം അല്‍ റയ്‌സ് അറിയിച്ചു. പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ നഗരസഭയുടെ ഹോട്ട്‌ലൈന്‍ നമ്പറായ 993ല്‍ അറിയിക്കണമെന്നും അല്‍ റയ്‌സ് പൊതു ജനങ്ങളോടഭ്യര്‍ഥിച്ചു.