പേരാമ്പ്ര പോലീസ് വിശ്രമ കേന്ദ്രം അപകടാവസ്ഥയില്‍

Posted on: April 6, 2015 10:42 am | Last updated: April 6, 2015 at 10:42 am

പേരാമ്പ്ര: സ്‌പെഷല്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഡിപ്പാര്‍ട്ട്‌മെന്റിലെ നിരവധി ജീവനക്കാര്‍ വിശ്രമത്തിനും അന്തിയുറങ്ങാനും ഉപയോഗിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍. പഴയ സി ഐ. ഓഫീസ് കെട്ടിടമാണ് അപകടാ വസ്ഥയിലുള്ളത്. പേരാമ്പ്ര സി ഐ. ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ആസ്ഥാന കേന്ദ്രമെന്ന നിലയില്‍ 1973 ലാണ് ഈ കെട്ടിടം പണിതത്. ഇതേ വര്‍ഷം ഡിസംബറില്‍ ഉദ്ഘാടനവും നടത്തി. 2004 ലാണ് ഈ കെട്ടിടത്തില്‍ നിന്ന് സി ഐ. ഓഫീസ് പോലീസ് സ്‌റ്റേഷന്‍ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയത്. ഇതിനു ശേഷം യാതൊരുവിധ അറ്റകുറ്റ പണികളും നടത്തിയിട്ടല്ല. പല ഭാഗവും പൊളിഞ്ഞു കിടക്കുകയാണ്. ജനല്‍ ചില്ലുകള്‍ പൊട്ടിയും മര ഉരുപ്പടികള്‍ ദ്രവിച്ചും കിടക്കുന്നു. കോണ്‍ക്രീറ്റിന്റെ പല ഭാഗങ്ങളും ഇരുമ്പ് കമ്പി പുറത്തേക്ക് ദൃശ്യമായിട്ടുണ്ട്. കെട്ടിടം അത്യന്തം അപകട നിലയിലായിട്ടും പോലീസ് സേനാംഗങ്ങള്‍ക്ക് ജീവന്‍ പണയം വെച്ച് ഇവിടം ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇവിടെ താമസിക്കുന്നത് അവരവരുടെ താത്പര്യത്തിനനുസരിച്ചാണെന്നും ഡിപ്പാര്‍ട്ട്‌മെന്റിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്ന നിലപാടുമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്. അപകടാവസ്ഥ മനസിലാക്കി ഇതിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ നടപടിയുണ്ടായിട്ടില്ല. പേരാമ്പ്ര സി ഐ. ഓഫീസ് പരിധിയില്‍ മാസത്തിലൊരു തവണയങ്കിലും മറ്റു സ്‌റ്റേഷനുകളില്‍ റിസര്‍വ് വിഭാഗത്തില്‍ നിന്നുമുള്ള സേനയുടെ സേവനം ആവശ്യമായി വരാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനും താമസിക്കാനും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്. ഏതാനും മാസം മുമ്പ് ഇപ്പോഴത്തെ സി ഐ. ഓഫീസിനു മുകളിലായി നിര്‍മിച്ച ഹാള്‍ മാത്രമാണ് ഇവരുടെ ഉപയോഗത്തിനായുള്ളത്. ഈ ഹാളിലും സൗകര്യങ്ങള്‍ പരിമിതമാണ്. പേരാമ്പ്ര സ്‌റ്റേഷനിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഗ്രാമപഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.
പോലീസ് സ്‌റ്റേഷനില്‍ കുടിവെള്ളം നല്‍കുന്ന കാര്യത്തില്‍പോലും പഞ്ചായത്ത് മൗനം പാലിക്കുന്നു. പേരാമ്പ്രയിലെ പോലീസ് സേനാംഗങ്ങള്‍ വര്‍ഷാവര്‍ഷം 2,500 രൂപ വീതം തൊഴില്‍ നികുതി പഞ്ചായത്തിന് നല്‍കുന്നുണ്ട്. ഇതിന്റെ ഒരംശം ഉപയോഗപ്പെടുത്തിയാല്‍ കുടിവെള്ളം നല്‍കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.