Connect with us

Editorial

ചെക്ക് പോസ്റ്റ് സമരം

Published

|

Last Updated

വാളയാര്‍ ചെക്ക് പോസ്റ്റിലെ പ്രശ്‌ന പരിഹാരത്തിന് സത്വരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ലോറി പണിമുടക്കില്‍ പാചകവാതക ടാങ്കറുകള്‍ കൂടി അണിനിരന്നതോടെ സംസ്ഥാനം വിലക്കയറ്റ ഭീഷണിയില്‍. വാളയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ചരക്ക് നീക്കം നിലച്ചതോടെ സമരം വിപണിയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പരിശോധനാ നടപടികള്‍ ത്വരിതപ്പെടുത്തുക, ചെക്ക്‌പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക,സ്‌കാനര്‍ സൗകര്യം ഏര്‍പ്പെടുത്തുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്(എ ഐ എം ടി സി) ആണ് ബുധനാഴ്ച മുതല്‍ സമരമാരംഭിച്ചത്. വാളയാര്‍, മീനാക്ഷിപുരം, നടുപ്പുനി, വേലന്താവളം, ഗോവിന്ദപുരം, ആനക്കട്ടി തുടങ്ങി എല്ലാ ചെക്ക്‌പോസ്റ്റുകളിലും പണിമുടക്ക് ശക്തമാണ്. അതിനിടെ കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് അനുരഞ്ജന ചര്‍ച്ച വിളിച്ചിരുന്നു. എന്നാല്‍ ധനമന്ത്രി കെ എം മാണിയുടെ അസൗകര്യം പറഞ്ഞ് യോഗം സര്‍ക്കാര്‍ റദ്ദാക്കി. യു ഡി എഫിലെ തര്‍ക്കങ്ങളും സമരം ഒത്തുതീര്‍ക്കുന്നതിന് വിലങ്ങടിച്ച് നില്‍പ്പുണ്ടെന്ന് വേണം കരുതാന്‍. പ്രതിദിനം ശരാശരി 2700 ലോറികള്‍ അതിര്‍ത്തികടക്കുന്ന വാളയാറില്‍ ശനിയാഴ്ച എത്തിയത് ഇരുനൂറില്‍ താഴെ മാത്രം. കേരളത്തിലേക്ക് പച്ചക്കറി അയക്കുന്ന തമിഴ്‌നാട്ടിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ നാമക്കല്‍, കിണറ്റിംകടവ്, മേട്ടുപാളയം എന്നിവിടങ്ങളില്‍ നിന്നും ചരക്കുകളൊന്നും അയച്ചിട്ടില്ല. കര്‍ണാടക, കേരളം, തമിഴ്‌നാട് ലോറികള്‍ ഏതാണ്ട് പൂര്‍ണമായി പണിമുടക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ വിഷു വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ലോറി പണിമുടക്ക് ഒത്തു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിനും തൊഴിലാളി സംഘടനാ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്.
തര്‍ക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തിരുവനന്തപുരത്ത് ചരക്ക് ലോറി പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചിട്ടുണ്ട്. ചര്‍ച്ചക്ക് സാഹചര്യമൊരുക്കിയിരിക്കെ പണിമുടക്ക് പിന്‍വലിക്കാനും അദ്ദേഹം ലോറി ഉടമ സംഘടനയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റുകളിലൂടെയുള്ള ലോറി സര്‍വീസുകള്‍ നിലക്കുന്നത് സംസ്ഥാന ഖജനാവിന് വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുമെന്ന് തീര്‍ച്ചയാണ്. പതിവ് ദിവസങ്ങളില്‍ ശരാശരി 70 ലക്ഷം രൂപ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍നിന്ന് മാത്രം നികുതി ഇനത്തില്‍ വരുമാനമുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ചെക്ക്‌പോസ്റ്റുകളില്‍ നിന്നുള്ള ഈ വരുമാന നഷ്ടം താങ്ങാനാവാത്തതാണ്.
ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്ട്ട് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 25ന് പാലക്കാട് ജില്ലാ കലക്ടറും വാണിജ്യ നികുതി കമ്മീഷണറും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. മാര്‍ച്ച് 31ന് ധനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലും യോഗം വിളിച്ചു. പക്ഷേ ഈ യോഗങ്ങളില്‍ സമരസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തില്ല. ജില്ലാ കലക്ടറും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചകളില്‍ പ്രശ്‌ന പരിഹാരത്തിന് സഹായകമായ തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞിരുന്നു. ഇന്‍, ഔട്ട് ചെക്ക് പോസ്റ്റുകളിലായി 14 കൗണ്ടറുകള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 30 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കോടതി സ്റ്റേയുടെ പേരില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായില്ല. സ്റ്റേ നീക്കികിട്ടാന്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും സമ്മതിച്ചിട്ടുണ്ട്. ഇത്രയും ആവശ്യങ്ങള്‍ ആഡംബരമാണെന്ന് ആരും പറയില്ല. ഇത്രയും അടിസ്ഥാന സൗകര്യങ്ങളേ ലോറി ഉടമകളും തൊഴിലാളികളും ആവശ്യപ്പെട്ടിട്ടുള്ളൂ.
പൊതുജീവിതം താറുമാറാക്കുന്ന സമരങ്ങള്‍ സമൂഹത്തിന് വലിയ നഷ്ടമാണ് വരുത്തുന്നത്. പ്രത്യക്ഷ സമരത്തിലേക്ക് തൊഴിലാളികളെ വലിച്ചിഴക്കുന്നതിന് പകരം എത്രയും നേരത്തേ കൂടിക്കാഴ്ച നടത്തി ന്യായമായ ആവശ്യങ്ങള്‍ അനുവദിക്കുന്നതിലാണ് സര്‍ക്കാറിന്റെ മിടുക്ക് കാണേണ്ടത്. സമര മാര്‍ഗത്തിലൂടെ പൊതുജനത്തെ വീര്‍പ്പ്മുട്ടിക്കുന്നവരെ പോലെതന്നെ, പ്രശ്‌നപരിഹാരത്തില്‍ നിന്ന് മുഖം തിരിച്ച്‌നില്‍ക്കുന്ന സര്‍ക്കാറും ജനദ്രോഹമാണ് നടത്തുന്നത്. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ള അനുരഞ്ജന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹൃതമാകുമെന്നാണ് വിശ്വാസം. അതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും വേണം. പരീക്ഷ അടുക്കുമ്പോള്‍ അധ്യാപക സമരം, പകര്‍ച്ച വ്യാധികള്‍ പടരുമ്പോള്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്, ഉത്സവ വേളയില്‍ ലോറി പണിമുടക്ക് എന്നത് പോലെ, ഭീഷണി പ്രയോഗിച്ച് കാര്യം നേടാനുള്ള നീക്കം ആരുടേതായാലും അതിന് വഴങ്ങിക്കൂട.