ടെര്‍മിനല്‍ ഒന്ന്, രണ്ട് വികസനത്തിന് 120 കോടി ഡോളര്‍

Posted on: April 3, 2015 7:48 pm | Last updated: April 3, 2015 at 7:48 pm

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, രണ്ട് എന്നിവ വികസിപ്പിക്കാന്‍ 120 കോടി ഡോളര്‍ ചെലവു ചെയ്യും. ദിനം പ്രതി, യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ടെര്‍മിനല്‍ വികസനം.
110 രാജ്യാന്തര വിമാനക്കമ്പനികളാണ് രണ്ട് ടെര്‍മിനലുകളെ ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍, ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രുവിനെയും ദുബൈ മറികടന്നിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ 6.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം 7.9 കോടി യാത്രക്കാര്‍ എത്തുമെന്നാണ് കണക്ക്.
ദുബൈയുടെ സ്വീകാര്യത കണക്കിലെടുത്താണ് കോണ്‍കോഴ്‌സ് ഡി നിര്‍മാണം നേരത്തെ പ്രഖ്യാപിച്ചത്. ഈ വര്‍ഷം അത് ഉദ്ഘാടനം ചെയ്യും. അതിനു പുറമെയാണ് ഒന്നിന്റെയും രണ്ടിന്റെയും വികസനം.
51.7 കോടി ഡോളര്‍ ചെലവു ചെയ്താണ് കോണ്‍ കോഴ്‌സ് ഡിയുടെ നിര്‍മാണം. എയര്‍ ബസ് എ 380, ജംബോ ബോയിംഗ് 747 വിമാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടാകും.
ടെര്‍മിനല്‍ മൂന്ന് എമിറേറ്റ്‌സ് എയര്‍ലൈന് നീക്കിവെച്ചിരിക്കുകയാണ്. കോണ്‍കോഴ്‌സ് ഡിക്കു സമീപം 49 കോടി ഡോളര്‍ ചെലവു ചെയ്ത് അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.