Connect with us

International

കടലിന് നടുവില്‍ വഞ്ചി തകര്‍ന്ന് ഒറ്റപ്പെട്ടു; 66 ദിവസങ്ങള്‍ക്ക് ശേഷം പുതുജീവന്‍

Published

|

Last Updated

മിയാമി: കടലില്‍ കാണാതായ യുവാവിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആഴക്കടലില്‍ നിന്ന് മോചനം. അമേരിക്കക്കാരനായ ലൂയിസ് ജോര്‍ദാന്‍ എന്ന 37കാരനാണ് അത്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയത്. തന്റെ പായ് വഞ്ചിയില്‍ സഞ്ചരിക്കുന്നതിനിടെ, അമേരിക്കയിലെ നോര്‍ത്ത് കരോളിന തീരത്തിന് 322 കിലോമീറ്റര്‍ അകലെവെച്ച് വഞ്ചി തകരാറായതിനെ തുടര്‍ന്ന് അദ്ദേഹം കടലില്‍ അകപ്പെടുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലൂയിസിനെകുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ അദ്ദേഹം മരിച്ചെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടുകാര്‍. അതിനിടെയാണ് അത്ഭുതകരമായി ലൂയിസ് തിരിച്ചെത്തിയത്.

ലൂയിസിനെ കാണാതായി 66 ദിവസങ്ങള്‍ കഴിഞ്ഞ് ഇന്നലെ ഇതുവഴി പോയ ഒരു യാത്രാകപ്പലിലുള്ളവരാണ് പായ് വഞ്ചിയുടെ അവശിഷ്ടങ്ങളില്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ലൂയിസിനെ കണ്ടത്. കപ്പലിലുണ്ടായിരുന്നവര്‍ ഉടന്‍ യു എസ് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തുകയും ലൂയിസിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

മത്സ്യവും കടല്‍വെള്ളവും കഴിച്ചാണ് ഇത്രയും നാള്‍ താന്‍ കഴിച്ചുകൂട്ടിയതെന്ന് ലൂയിസ് പറയുന്നു. യാത്രക്കിടെ വഞ്ചി കേടായതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. തന്നെ ഓര്‍ത്ത് മാതാപിതാക്കള്‍ കരയുന്നുണ്ടാകുമല്ലോ എന്ന ചിന്തയും തന്നെ അലട്ടിക്കൊണ്ടിരുന്നു… സന്തോഷാശ്രുക്കള്‍ പൊഴിച്ച് ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു. മകനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നാണ് തങ്ങള്‍ കരുതിയത് എന്നായിരുന്നു പിതാവിന്റെ പ്രതികരണം.

Latest