ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി

Posted on: April 3, 2015 10:04 am | Last updated: April 3, 2015 at 10:04 am

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവ ഭാഗമായുളള വരവിനിടെ ആന വിരണ്ടോടിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് മന്ദമംഗലത്ത് നിന്നാരംഭിച്ച വസൂരിമാല വരവില്‍ എഴുന്നള്ളിച്ച മോഹനന്‍ എന്ന ആന വിരണ്ടോടിയത്.
ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേരെ താഴേക്ക് കുടഞ്ഞിട്ടു. ഇവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് കൊല്ലം ടൗണിലൂടെ ദേശീയപാത വഴി റെയില്‍ പാളം കടന്ന് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരത്തേക്ക് കുതിച്ചു. ഈ സമയം പാപ്പാന്‍ ആനക്ക് മുന്നില്‍ ഓടി ആളുകളെ മാറ്റി നിര്‍ത്തിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി. പന്തലായനിയിലെ കൊയാരികുന്ന്, കാട്ടുവയല്‍, കൂമന്‍തോട് ഭാഗങ്ങളില്‍ ഏറെ നേരം ആന ഭീതി വിതച്ചു. പന്തലായനി തടത്തില്‍ മോഹനന്റെ ജനല്‍ ഗ്ലാസും ഓടും ആന തകര്‍ത്തു. കുന്ദമംഗലത്ത് വിനീതയുടെ വീട്ടിലെ കിണറിന്റെ ആള്‍ മറയും തകര്‍ത്തിട്ടുണ്ട്.
കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്‌കൂളിനു സമിപത്തെ കാട്ടുവയലില്‍ വെച്ച് ഒന്നാം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടി തളക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ട് 10 കിലോമീറ്ററോളം ഓടിയ ആനയെ തളച്ചതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഓമശ്ശേരി സ്വദേശി അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഇതേ ആന ആഴ്ചകള്‍ക്കു മുമ്പ് പന്നിയങ്കരയിലെ ക്ഷേത്രോത്സവത്തിനിടെയും വിരണ്ടോടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് എലിഫെന്റ് സ്‌ക്വാഡും പോലീസും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തി.