ദേശീയ ടീമില്‍ തിരിച്ചെത്താന്‍ യുവിയും സഹീറും

Posted on: April 3, 2015 1:08 am | Last updated: April 3, 2015 at 1:08 am

yuvraj-and-zaheer-1407330191ന്യൂഡല്‍ഹി: ഐ പി എല്‍ ക്രിക്കറ്റിലൂടെ ഇന്ത്യന്‍ ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യുവരാജ് സിംഗും സഹീര്‍ഖാനും. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാതെ പോയതിന്റെ നിരാശയെ മായ്ച്ചു കളഞ്ഞാണ് യുവരാജ് പുതിയൊരു തുടക്കം ലക്ഷ്യമിടുന്നത്. കാന്‍സറിനെ വകവെക്കാതെ ഇന്ത്യയെ 2011 ലോകകപ്പ് കിരീടത്തിലേക്ക് മുന്നില്‍ നിന്ന് നയിക്കുകയും മാന്‍ ഓഫ് ദ സീരീസാവുകയും ചെയ്ത യുവരാജ് സിംഗിന്റെ താരമൂല്യം നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ഇളക്കം തട്ടാതെ നില്‍ക്കുന്നു. ഐ പി എല്‍ താരലേലത്തില്‍ പതിനാറ് കോടി നല്‍കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവരാജിനെ സ്വന്തമാക്കിയത് ഉത്തമദൃഷ്ടാന്തം. അര്‍ബുദ ചികിത്സക്ക് ശേഷം ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് യുവരാജിന് പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു.
ഒരിക്കലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കാതെ യുവരാജ് വിഷമിച്ചു. ബാറ്റ് കൊണ്ടും ബൗളിംഗ് കൊണ്ടും ഫീല്‍ഡിംഗിലെ മികവ് കൊണ്ടും മത്സരഗതി മാറ്റിമറിക്കുന്ന ഒന്നാന്തരം ആള്‍ റൗണ്ടറായാണ് യുവരാജ് പേരെടുത്തത്. കാന്‍സര്‍ പഞ്ചാബ് താരത്തിന്റെ ശാരീരിക ക്ഷമതയെ വല്ലാതെ ബാധിച്ചു. ബൗളിംഗിനെയും ഫീല്‍ഡിംഗിനെയും ഇത് കാര്യമായി ബാധിച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പിന്നീട് യുവരാജ് തുനിഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ തുടര്‍ സെഞ്ച്വറികളുമായി യുവരാജ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ വെല്ലുന്ന ഫോമിലേക്കുയര്‍ന്നു. പക്ഷേ, ഇതൊന്നും ധോണിയുടെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചില്ല. ബൗളിംഗ് ആള്‍ റൗണ്ടറെന്ന നിലക്ക് യുവരാജിനെ ആശ്രയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പിന്നീട് ഒഴിവാക്കലിനെ ന്യായീകരിച്ച് ധോണി പറഞ്ഞത്.
സഹീര്‍ഖാന്‍ പേസ് നിരയിലെ പഴയ പടക്കുതിരയാണ്. നാല് കോടി രൂപക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹീറിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ താരമായ സഹീര്‍ പരുക്കേറ്റ് ടൂര്‍ണമെന്റ് മുഴുമിപ്പിക്കാതെ പിന്‍വാങ്ങുകയായിരുന്നു. പ്രതാപം നഷ്ടപ്പെട്ട സഹീറിനെ ഒപ്പം നിര്‍ത്താനുള്ള ഡല്‍ഹിയുടെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. വിശ്വാസം അതല്ലേ എല്ലാം ! യുവരാജും സഹീറും ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്തുമെന്ന് ഡല്‍ഹി ടീം അധികൃതര്‍ വിശ്വസിക്കുന്നു.
2014 ല്‍ ന്യൂസിലാന്‍ഡിനെതിരെയാണ് സഹീര്‍ ഖാന്‍ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. മുന്‍ കോച്ച് ഗാരി കേര്‍സ്റ്റനൊപ്പം പ്രവര്‍ത്തിക്കുന്നതോടെ ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് സഹീര്‍. കേര്‍സ്റ്റിന്‍ ഇന്ത്യയുടെ കോച്ചായിരുന്നപ്പോഴാണ് സഹീര്‍ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തത്. 2013 ലാണ് കേര്‍സ്റ്റന്‍ ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നത്.
ദക്ഷിണാഫ്രിക്കയുടെ ആല്‍ബിമോര്‍ക്കലാണ് ഡല്‍ഹിയുടെ മറ്റൊരു പുതുമുഖം. സുഹൃത്തായ ജീന്‍ പോള്‍ ഡുമിനി നയിക്കുന്ന ഡല്‍ഹി ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് മോര്‍ക്കല്‍.