Connect with us

Kerala

വധശ്രമ കേസില്‍ കസ്റ്റഡിയിലായ പ്രതി വനിതാ പോലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടു

Published

|

Last Updated

മണ്ണഞ്ചേരി: വധശ്രമ കേസില്‍ കസ്റ്റഡിയിലായ പ്രതി വനിതാ പോലീസിനെ ഇടിച്ചു വീഴ്ത്തി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. പരുക്കേറ്റ വനിതാ പോലീസ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കാറിടിപ്പിച്ച്് കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അംഗവും കേസിലെ രണ്ടാം പ്രതിയുമായ കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കോലോത്ത് വെളി അരുണ്‍കുമാര്‍(21) ആണ് മുഹമ്മ സ്റ്റേഷനില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 5.30ഓടെ രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മാധവത്തില്‍ കവിത(28) ആണ് പ്രതിയുടെ അക്രമത്തില്‍ പരുക്കേറ്റത്. ഇവര്‍ മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. സി പി എം ബ്രാഞ്ച് സെക്രട്ടറിയും ചെറുവാരണം സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ ബി ആര്‍ സജീവിനെ(44) കഴിഞ്ഞ 23ന് വൈകീട്ട് 5.30ഓടെയാണ് 10 അംഗ ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കടക്കരപ്പള്ളിയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ച് താമസിച്ചിരുന്ന അരുണ്‍കുമാറിനെ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് മുഹമ്മ പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് സെല്ലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനിടെ വനിതാ പോലീസിനെ തള്ളി നിലത്തിട്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സ്റ്റേഷന്‍ ചുമതലയുള്ള മദനപ്പന്‍, ചന്ദ്രബാബു, പെട്രോളിംഗ് കഴിഞ്ഞെത്തിയ എ എസ് ഐ ജെയിംസ്, സി പി ഒ യേശുദാസ് പ്രതിയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. രക്ഷപ്പെട്ട അരുണ്‍കുമാര്‍ ഒരു മാസം മുമ്പ് മൂന്ന് യുവാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ മൂന്നാഴ്ച ആലപ്പുഴ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് സി പിഎം നേതാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. ഈ കേസിലെ ഒന്നാം പ്രതി കഞ്ഞിക്കുഴി കോലോത്ത് വെളി മുകേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതീഷ്, അജിത്ത്കുമാര്‍, അഭിലാഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇനി പിടികൂടാനുള്ള പ്രതികള്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ്.