സൗജന്യ വാഹന സര്‍വീസിന് പണം ഈടാക്കിയതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

Posted on: April 2, 2015 10:02 am | Last updated: April 2, 2015 at 10:02 am

എടപ്പാള്‍: വില്‍പ്പന സമയത്ത് ഉറപ്പ് നല്‍കിയ സൗജന്യ സര്‍വീസ് നല്‍കുന്നതിന് കാലതാമസം വരുത്തുകയും സര്‍വീസിന് പണം ഈടാക്കുകയും ചെയ്ത ഓട്ടോറിക്ഷ ഡീലര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവ്.
എടപ്പാള്‍ പൂക്കരത്തറ സ്വദേശി കളത്തില്‍ വളപ്പില്‍ സുന്ദരന്‍ നല്‍കിയ പരാതിയിലാണ് പ്രമുഖ വാഹന വില്‍പ്പനക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിനെതിരെ വിധിയുണ്ടായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 25000 രൂപക്ക് പഴയ ഓട്ടോറിക്ഷക്ക് പകരമായി പുതിയ ഓട്ടോറിക്ഷയെന്ന പരസ്യം കണ്ടാണ് ഓട്ടോ ഡ്രൈവറായ സുന്ദരന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അംഗീകൃത ഏജന്‍സിയായ പൊന്നാനി പുഴമ്പ്രത്തെ പ്രീമിയര്‍ ഓട്ടോ സെയില്‍സ് ആന്‍ഡ് സര്‍വീസിനെ സമീപിച്ചത്. 15000 രൂപയും പഴയ ഓട്ടോറിക്ഷയും നല്‍കി മഹീന്ദ്ര അല്‍ഫയുടെ പുതിയ ഓട്ടോറിക്ഷ വാങ്ങുകയും ചെയ്തു.
മൂന്ന് സൗജന്യ സര്‍വീസും ഒരു വര്‍ഷത്തെ വാറന്റിയുമാണ് കമ്പനി ഉറപ്പ് നല്‍കിയിരുന്നത്. രണ്ടാമത്തെ സൗജന്യ സര്‍വീസിന് ശേഷം വാഹനത്തിന്റെ മെയിന്‍ ഷാഫ്റ്റ് മുറിഞ്ഞപ്പോള്‍ സൗജന്യ സര്‍വീസ് നല്‍കാന്‍ കമ്പനി തയ്യാറായില്ല. മാത്രമല്ല ഒരാഴ്ചയോളം വാഹനം സര്‍വീസ് സെന്ററില്‍ കിടക്കുകയും ചെയ്തു. വാഹനം വിട്ട് തരാന്‍ പണം ഈടാക്കിയതിനെതിരെ സുന്ദരന്‍ നിയമപരമായി നീങ്ങുകയായിരുന്നു.
സുന്ദരന്റെ വാദങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി നഷ്ടപരിഹാരം നല്‍കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു. കൂടാതെ ഓട്ടോറിക്ഷ കൊണ്ട് ഉപജീവനം നടത്തുന്ന സുന്ദരനുണ്ടായ മാനസിക പ്രയാസത്തിന് 2500 രൂപയും കോടതി ചെലവ് നല്‍കാനും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിര്‍ദേശിച്ചു. മലപ്പുറത്തെ അഡ്വ. ടി കെ ബബിതയാണ് സുന്ദരന് വേണ്ടി ഹാജരായത്.