Connect with us

Articles

മദ്യം: സത്യത്തില്‍ ആരുടെ ജയം?

Published

|

Last Updated

രാഷ്ട്രീയ വിവാദ, വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ മദ്യനയത്തില്‍ തീര്‍പ്പുണ്ടായിരിക്കുന്നു. ഒരു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സര്‍ക്കാറിന്റെ മദ്യനയം അതേപടി അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. ഭരണ സംവിധാനവും ജുഡീഷ്യറിയും എക്‌സിക്യുട്ടീവുമെല്ലാം ഒരു പോലെ ചിന്തിക്കുമ്പോഴാണ് ജനഹിതം നടപ്പാക്കുന്നതില്‍ പൂര്‍ണത കൈവരുന്നത്. മദ്യനയത്തിന്റെ കാര്യത്തില്‍ എന്തായാലും അങ്ങനെ സംഭവിച്ചു. കേരളത്തിന്റെ ദുരന്തമായി മാറിയ മദ്യത്തിന്റെ ലഭ്യത കുറക്കാന്‍, ഘട്ടംഘട്ടമായി അതിനെ ഇല്ലായ്മ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സഹായകമാകുമെന്ന് തീര്‍ച്ച.
വിവാദങ്ങളുടെ പരിസരത്ത് നിന്നാണ് മദ്യനയത്തിന്റെ പിറവി. കോണ്‍ഗ്രസിലെ പ്രതിച്ഛായാ യുദ്ധത്തിന്റെ സൃഷ്ടിയെന്ന് വേണമെങ്കില്‍ പറയാം. ഏറ്റവും വലിയ മദ്യവിരുദ്ധന്‍ സുധീരനോ ഉമ്മന്‍ ചാണ്ടിയോയെന്ന തര്‍ക്കമാണ് ഇതിന്റെ കേന്ദ്രബിന്ദു. നിലവാരമില്ലെന്ന പേരില്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നില്ലെന്ന് 2014 ഏപ്രില്‍ രണ്ടിനു സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണു കേസുകള്‍ തുടങ്ങിയത്. നിലവാരമില്ലെന്ന് കണ്ട് അടച്ച് പൂട്ടിയ 418 ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന രൂക്ഷമായ തര്‍ക്കത്തില്‍ സുധീരനെ വെട്ടാന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച ആയുധമായിരുന്നു സമ്പൂര്‍ണ മദ്യനിരോധം. ജനവികാരം ഇതിനൊപ്പമാണെന്ന് ബോധ്യപ്പെട്ടതോടെ നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുതന്നെ നിന്നു. പിന്നെ നീണ്ട നിയമയുദ്ധമായിരുന്നു. പണമെറിഞ്ഞ മദ്യലോബി ഹൈക്കോടതിയിലെ ജഡ്ജിയെ സ്വാധീനിക്കാന്‍ വരെ ശ്രമിച്ചെന്ന് ആക്ഷേപം ഉയര്‍ന്നു. സിംഗിള്‍ ബെഞ്ച് കേസ് പരിഗണിച്ച ഘട്ടത്തില്‍ ഒരു അഭിഭാഷകന്‍ തന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജഡ്ജി തന്നെ പുറത്തുപറഞ്ഞു.
പഞ്ചനക്ഷത്രം ഇല്ലാത്ത ബാറുകളെല്ലാം പൂട്ടാനുള്ള തീരുമാനം മദ്യലോബിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അടച്ചത് തുറക്കാന്‍ പല തലങ്ങളില്‍ ശ്രമിച്ചു. അടച്ച് പൂട്ടാന്‍ നല്‍കിയ നോട്ടീസിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഹൈക്കോടതിയുടെ അന്തിമതീര്‍പ്പുണ്ടാകും വരെ തുറന്നു പ്രവര്‍ത്തിക്കാനായിരുന്നു അനുമതി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബാറുടമകള്‍. സര്‍ക്കാര്‍ പോലും ആദ്യം മുന്നോട്ടുവെച്ച കാല്‍ പതുക്കെ പതുക്കെ പുറകോട്ട് വെക്കാന്‍ ശ്രമിച്ചത് വലിയ പ്രതീക്ഷയാണ് മദ്യ മുതലാളിമാര്‍ക്ക് നല്‍കിയിരുന്നത്.
മദ്യനയം പ്രഖ്യാപിച്ചതിന് പിന്നാലെ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ അട്ടിമറി നീക്കവും ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു ഇതിനുള്ള ശ്രമങ്ങള്‍. ഒരു മുഖ്യാധാര ദിനപത്രം ശ്രീലങ്കയിലെ ടൂറിസം മുന്നേറ്റത്തെക്കുറിച്ച് ഒരു പരമ്പര തയ്യാറാക്കി. മദ്യത്തിന്റെ പിന്‍ബലത്തിലാണ് ശ്രീലങ്കയിലെ ടൂറിസം വളര്‍ന്നതെന്ന മട്ടിലായിരുന്നു അവതരണം. വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ കേരളത്തിന് പിന്നിലായിരുന്ന ശ്രീലങ്ക ഇപ്പോള്‍ കേരളത്തെ കടത്തിവെട്ടിയെന്ന് സ്ഥാപിച്ചു.
ഇതിനൊപ്പം ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ ടൂറിസം രംഗം നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെക്കുറിച്ച് “അന്വേഷണാത്മക” റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു. ബുക്ക് ചെയ്ത റൂമുകളുടെ ക്യാന്‍സലേഷന്‍ കണക്കുകള്‍ അവതരിപ്പിച്ചു. നിശ്ചയിച്ച വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ യോഗം കേരളത്തില്‍ നടത്തുന്നതില്‍ നിന്ന് പിന്മാറിയെന്ന് പരിതപ്പിച്ചു. അതിന് പിന്നാലെ ഒരു സെമിനാറും. മദ്യമില്ലാതായതോടെ കേരളത്തിലെ ടൂറിസം മേഖല നേരിടാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ എണ്ണിയെണ്ണി പറഞ്ഞു. ടൂറിസം രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച സെമിനാറില്‍ സര്‍ക്കാര്‍ പ്രതിനിധികളും സാന്നിധ്യമറിയിച്ചു. ബാറുകളില്‍ തൊഴില്‍ രഹിതരാകുന്നവരാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പ്രചരിപ്പിച്ചു. രാജ്യത്ത് തന്നെ തൊഴിലില്ലായ്മയില്‍ കേരളത്തിന്റെ സ്ഥാനം എത്രയെന്ന് പോലും മനസിലാക്കാതെയുള്ള വിലയിരുത്തലായിരുന്നു ഇത്.
ഇതിന് പിന്നാലെയാണ് മദ്യനയം മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിക്കുന്നത്. ഞായറാഴ്ചയിലെ ഡ്രൈഡേ പിന്‍വലിച്ചതായിരുന്നു ഈ തലത്തിലെ ആദ്യതീരുമാനം. അടച്ച് പൂട്ടിയ ബാറുകള്‍ക്കെല്ലാം ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു. തുറന്ന് കിടക്കുന്ന ബാറുകള്‍ ഇനി പൂട്ടേണ്ടെന്ന തലത്തിലേക്ക് ഭരണതലത്തിലുള്ള പ്രമുഖരുടെ മനസ് എത്തുകയും ചെയ്തു. ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് മദ്യനയം അതേപടി ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രസക്തമാകുന്നത്. മദ്യം കുറച്ചുകൊണ്ടുവരികയെന്ന അബ്കാരി നയം കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് പറഞ്ഞ് മദ്യനയം പൂര്‍ണമായി കോടതി ശരിവെക്കുമ്പോള്‍ നയം തിരുത്താന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയായി ഈ വിധിയെ കാണേണ്ടി വരും.
അതേസമയം, മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കാണാതിരിക്കാനുമാകില്ല. കോടതി വിധിയിലും ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. അബ്കാരി നയം പരിശോധിച്ചാല്‍ വര്‍ഷങ്ങളായി മദ്യനിരോധ ലക്ഷ്യത്തിലേക്കു പടിപടിയായി സര്‍ക്കാര്‍ അടുക്കുകയാണ്. 2-സ്റ്റാര്‍, 3-സ്റ്റാര്‍, 4-സ്റ്റാര്‍ എന്നിങ്ങനെ ഒന്നൊന്നായി ഓരോ വര്‍ഷവും ഒഴിവാക്കിക്കൊണ്ടുള്ള നയവും ചാരായം നിരോധിച്ചതുമെല്ലാം വിധിയില്‍ എടുത്ത് പറയുന്നുണ്ട്. ലൈസന്‍സ് കാലാവധി തീരുന്ന ദിവസമായതിനാല്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം ഒന്നുമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി തന്നെ 228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളും പൂട്ടികഴിഞ്ഞു. ഇവര്‍ക്ക് ഇനി ബിയര്‍, വൈന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുകയേ നിവൃത്തിയുള്ളൂ. 24 പഞ്ചനക്ഷത്ര പദവിയുള്ള ബാറുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കുറുക്കുവഴിയിലൂടെ കൂടുതല്‍ ഫൈവ് സ്റ്റാറുകള്‍ ഇനി രംഗ പ്രവേശം ചെയ്യും. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ ബാറുടമകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ അവിടെയാണ് ഇനി അവരുടെ പ്രതീക്ഷ. സുപ്രീം കോടതിയും കൈയൊഴിഞ്ഞാല്‍ പുതിയ ഫൈവ് സ്റ്റാറുകള്‍ പിറവിയെടുക്കും.
ബാര്‍കേസ് ഉടലെടുക്കുന്ന സമയത്ത് 20 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് നാലെണ്ണം കൂടി അനുവദിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ എറണാകുളത്താണ്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ തന്നെ ഇല്ല. ബാറുകള്‍ പൂട്ടിയെന്ന് കരുതി മദ്യം കേരളത്തില്‍ നിന്ന് ഇല്ലാതായിട്ടില്ല. ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഓരോ ഒക്ടോബറിലും 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 10 ശതമാനവും കഴിഞ്ഞ ജനുവരിയില്‍ 12 എണ്ണവും പൂട്ടി കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 335 കെ എസ് ബി സിയുടെ ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 35ഉം ഉള്‍പ്പെടെ 370 എണ്ണമാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു ഘട്ടമായി 49 എണ്ണം പൂട്ടിയതോടെ 321 എണ്ണമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
മദ്യനയത്തില്‍ തീര്‍പ്പുണ്ടാകുമ്പോള്‍ തന്നെ ഇതിന്റെ അരികുചാരി രൂപപ്പെട്ട ബാര്‍ കോഴക്ക് പുതിയ മാനം കൈവരുന്നുണ്ട്. കെ എം മാണിയില്‍ ലാക്കാക്കിയിരുന്ന ബിജു രമേശ് മറ്റു മൂന്ന് മന്ത്രിമാരുടെ പങ്ക് വെളിപ്പെടുത്തി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതോടെ കേസിന് പുതിയ ദിശ വരികയാണ്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അന്തിമ ഘട്ടത്തോട് അടുക്കുമ്പോഴുള്ള ഈ നീക്കം പക്ഷേ, കെ എം മാണിക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. തന്നെ മാത്രം ക്രൂശിക്കുന്നവരും തനിക്കെതിരെ എഫ് ഐ ആര്‍ ചുമത്തിയവരും പുതിയ വെളിപ്പെടുത്തലുകളോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തിക്കഴിഞ്ഞു.
മൊഴിയിലുള്‍പ്പെട്ട മന്ത്രിമാര്‍ ആരെന്ന് പൂര്‍ണമായി ബിജു രമേശ് പറഞ്ഞിട്ടില്ലെങ്കിലും ഒരാള്‍ കെ ബാബുവാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബാബുവിനെതിരെ എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നാണ് കേരളാകോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ആരോപണവും ഉന്നയിച്ചയാളും സാഹചര്യവും എല്ലാം ഒന്നാണ് എന്നിരിക്കെ രണ്ട് നീതി അംഗീകരിക്കില്ലെന്നാണ് കേരളാകോണ്‍ഗ്രസ് അടക്കം പറയുന്നത്. വരുംനാളുകളിലെ കേരള രാഷ്ട്രീയത്തെക്കുറിച്ച് വലിയ ചിന്തകള്‍ നല്‍കുന്നതാണ് ഈ അടക്കം പറച്ചില്‍. കാത്തിരുന്ന് കാണാം.