തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയും; എം ജി എസ്

Posted on: April 2, 2015 5:29 am | Last updated: April 2, 2015 at 12:29 am

കോഴിക്കോട്:’തലമുറകള്‍ക്കിടയിലെ വിടവ് നികത്താന്‍ വായനക്ക് കഴിയുമെന്ന് ഡോ. എം ജി എസ് നാരായണന്‍. മനുഷ്യന്‍ അവനെ തന്നെ പൂര്‍ണമായി കണ്ടെത്തിയത് വായനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ‘വായന സംസ്‌കൃതിയുടെ സമരമുദ്ര’ എന്ന പ്രമേയത്തില്‍ നടക്കുന്ന രിസാല പ്രചാരണ കാലത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. എം ജി എസ്.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഒരാള്‍ പൂര്‍ണമായി സംസ്‌കരിക്കപ്പെടുന്നത് വായനയിലൂടെയാണെന്നും വായനക്ക് മരണമില്ലെന്നും പ്രമുഖ തമിഴ് സാഹിത്യക്കാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. നോവലുകള്‍ മാത്രമല്ല ചരിത്രങ്ങളും നിരൂപണങ്ങളും വായിക്കപ്പെടുമ്പോള്‍ മാത്രമാണ് വായന പൂര്‍ണമാകുന്നതെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അക്കങ്ങളും അക്ഷരങ്ങളും തപ്പി വായിക്കുന്ന സാക്ഷരതക്ക് അപ്പുറത്ത് വായിച്ചു വളരുന്ന കേരളമാണ് പുതിയ കാലത്ത് ആവശ്യമെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാദിഖ്, എം അബ്ദുല്‍ മജീദ്, മുഹമ്മദലി കിനാലൂര്‍ സംബന്ധിച്ചു. ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് രിസാല പ്രചാരണ കാലമായി ആചരിക്കുന്നത്. പ്രചാരണ കാലത്തോടനുബന്ധിച്ച് പുറത്തിറക്കിയ രിസാല വായനാ പതിപ് ഡോ എം ജി എസ് നാരായണന്‍ തോപ്പില്‍ മുഹമ്മദ് മീരാന് നല്‍കി പ്രകാശനം ചെയ്തു.