കര്‍ഷകര്‍ക്കായി അവകാശലാഭം നടപ്പാക്കാന്‍ നിര്‍ദേശം

Posted on: April 1, 2015 5:40 am | Last updated: March 31, 2015 at 11:41 pm

തിരുവനന്തപുരം: കാര്‍ഷികോത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍ നിന്ന് ഒരു വിഹിതം പ്രത്യേക ഫണ്ടായി സമാഹരിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കും വിധം അവകാശലാഭം നടപ്പാക്കണമെന്നതുള്‍പ്പെടെ സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ പുതിയ കാര്‍ഷിക നയത്തിന് അംഗീകാരം. കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനമോ ലാഭമോ പങ്കിടുന്നതിന് കര്‍ഷകര്‍ക്ക് നിയമപരമായ അവകാശം ലഭിക്കുന്നതാണ് ഈ സംവിധാനമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് പ്രകാരം കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനത്തിന് ആനുപാതികമായി അധികവരുമാനം നല്‍കാനാവും. അവകാശ ലാഭം കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും നല്‍കണം. ഉപഭോക്താവ് ഇപ്പോള്‍ നല്‍കുന്ന തുകയില്‍ വ്യത്യാസം വരുത്താതെ തന്നെ വ്യാപാരികളില്‍നിന്നും ഈ തുക ശേഖരിക്കാം. ഉത്പന്നം കമ്പോളത്തില്‍ വിറ്റഴിയിക്കുമ്പോള്‍ ഉത്പാദകനായ കര്‍ഷകന് നിയമപരമായി ലഭിക്കേണ്ട ലാഭവിഹിതമായ അവകാശ ലാഭം നല്‍കാനായി ഈ തുക വിനിയോഗിക്കാം. സര്‍ക്കാരിലേക്ക് ഉത്പന്നം കൈമാറുന്ന ഓരോ കര്‍ഷകനും ഒരു കിലോ നെല്ലിന് അഞ്ചുരൂപ നിരക്കില്‍ അവകാശലാഭം ലഭിക്കുമെന്ന് നയത്തില്‍ പറയുന്നു.

കാര്‍ഷിക കാലങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്ത് പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കണമെന്നതാണ് നയത്തിലെ മറ്റൊരു നിര്‍ദേശം. ഉത്പാദന ചെലവിന്റെ 50 ശതമാനം ക്ഷീരകര്‍ഷകന് ലാഭമാകും വിധം പാലിന്റെ വിലനിര്‍ണയം പരിഷ്‌കരിക്കണം. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് കാര്‍ഷികപലിശ നിരക്കായിരിക്കണം ഈടാക്കേണ്ടത്. വാര്‍ഷിക ഉത്പാദനം 10 ലക്ഷം രൂപ വരെയുള്ള കോഴികര്‍ഷകരെ ടേണോവര്‍ ടാക്‌സില്‍നിന്ന് ഒഴിവാക്കണം. കൃഷിയിലൂടെ വരുമാനവും വിളകളുടെ സുരക്ഷയും ഉറപ്പാക്കാനായി പൊതു-സ്വകാര്യ പങ്കാളിത്തരീതിയില്‍ ഫലപ്രദമായ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കണം. മൃഗസംരക്ഷണമേഖലയില്‍ ആനുകൂല്യം ലഭിക്കുന്നതിന് എ പി എല്‍ -ബി പി എല്‍ വേര്‍തിരിവ് ഒഴിവാക്കണം. നിലവിലെ പ്ലാന്റേഷനുകളില്‍ മറ്റ് പ്രവൃത്തികളോ വിളകളോ ഉള്‍പ്പെടുത്തി നിലവിലെ വിളകളുടെ വിസ്തീര്‍ണം കുറക്കരുത്. നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍മൂലം ആനുകൂല്യം നല്‍കാവുന്ന ഭൂപരിധി രണ്ടു ഹെക്ടറില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്തണം. നീര ഉത്പാദനത്തിന് അനുമതി നല്‍കണമെന്നും നയം നിര്‍ദേശിക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഫോഡര്‍ ബേങ്കുകള്‍ സ്ഥാപിക്കണം. ജൂണ്‍ ഒന്നാം വാരം ജൈവവള വാരമായി ആചരിക്കണം. ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകരെ വായ്പാ സമാശ്വാസ ഫണ്ട് നല്‍കി സഹായിക്കണം. കാര്‍ഷിക വായ്പാ തിരിച്ചടവ് നിരീക്ഷിക്കുന്നതിന് സ്ഥിരം സമിതിയെ നിയോഗിക്കണം. കര്‍ഷക പെന്‍ഷന്‍ വിപുലീകരിക്കണം. പഞ്ചായത്തുകള്‍തോറും ലേബര്‍ ബേങ്കുകള്‍ തുറക്കണം.
ഒരുവര്‍ഷം 100 ദിനങ്ങളില്‍ കുറയാതെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകത്തൊഴിലാളിക്ക് ഉത്പാദന പ്രോത്സാഹന ധനസഹായം നല്‍കണം. പ്രഫഷനല്‍ കോഴ്‌സുകളില്‍ കൃഷിക്കാരുടെ മക്കള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണം. കര്‍ഷക കേന്ദ്രീകൃതമായി കാര്‍ഷിക കോഴ്‌സുകളിലെ പഠന സിലബസ് പരിഷ്‌കരിക്കണം. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് പരിഹരിക്കുന്നതിന് വിലനിര്‍ണയ അതോറിറ്റിക്ക് രൂപം നല്‍കണമെന്നും കാര്‍ഷിക നയം നിര്‍ദേശിക്കുന്നു.