Connect with us

Malappuram

ഫണ്ട് വിനിയോഗത്തില്‍ മലപ്പുറം ഒന്നാമത്

Published

|

Last Updated

മലപ്പുറം: സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ 123 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 60.47 ശതമാനം പദ്ധതി നിര്‍വഹണ പുരോഗതി നേടി. സംസ്ഥാനത്തെ മൊത്തം ജില്ലകളില്‍ മലപ്പുറത്തിനാണ് വികസന ഫണ്ടിന്റെ വിനിയോഗത്തില്‍ ഒന്നാം സ്ഥാനം. സംസ്ഥാന ശരാശരി 52.67 ശതമാനമാണ്.
പ്ലാന്‍ ഫണ്ടില്‍ ബാക്കി വരുന്ന തുക അടുത്ത വര്‍ഷവും വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതി നിര്‍വഹണ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിരീക്ഷണ സംവിധാനമായ “സുലേഖ” സോഫ്റ്റ്‌വേര്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പഞ്ചായത്ത് ഇതിനകം 64.96 ശതമാനം തുകയാണ് ചെലവഴിച്ചത്.
സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. അതേസമയം, ലഭ്യമായ ഫണ്ടിന്റെ 92.82 ശതമാനവും മൊത്തം അനുവദിക്കപ്പെട്ട തുകയുടെ 75.09 ശതമാനവും ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതായി പ്രസിഡന്റ് സുഹ്‌റ മമ്പാട് യോഗത്തില്‍ അറിയിച്ചു.
15 ബ്ലോക്കുകള്‍: ജില്ലയിലെ 15 ബ്ലോക്കുകള്‍ 66.04 ശതമാനമാണ് തുക വിനിയോഗിച്ചത്. പൊന്നാനി 92.23, പെരുമ്പടപ്പ് 85.49, തിരൂരങ്ങാടി 77.5, മലപ്പുറം 69.08, കാളികാവ് 68.49, വേങ്ങര 67.6, കൊണ്ടോട്ടി 65.56, നിലമ്പൂര്‍ 64.85, താനൂര്‍ 63.17, അരീക്കോട് 61.98, കുറ്റിപ്പുറം 61.70, പെരിന്തല്‍മണ്ണ 61.29, വണ്ടൂര്‍ 60.44, മങ്കട 57.85, തിരൂര്‍ 49.88 ശതമാനംപുരോഗതി നേടി.
ഏഴ് നഗരസഭകള്‍: സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ജില്ലയിലെ നഗരസഭകളുടെ നിര്‍വഹണ പുരോഗതി 60.71 ശതമാനമാണ്. 71.95 ശതമാനം തുക വിനിയോഗിച്ച തിരൂര്‍ സംസ്ഥാനത്തെ 60 നഗരസഭകളില്‍ രണ്ടാം സ്ഥാനത്തും കോട്ടക്കല്‍ (71.85) മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
പഞ്ചായത്തുകള്‍: ഗ്രാമപഞ്ചായത്തുകള്‍ 58.04 ശതമാനമാണ് തുക വിനിയോഗിച്ചത്. സംസ്ഥാന ശരാശരി 51.02 ശതമാനമാണ്. പുലാമന്തോള്‍ (84.07), അങ്ങാടിപ്പുറം (81.5), തേഞ്ഞിപ്പലം (80.63) പഞ്ചായത്തുകളാണ് നിര്‍വഹണ പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. പത്ത് പഞ്ചായത്തുകള്‍ 71 ശതമാനത്തിനു മുകളില്‍ പുരോഗതി നേടി. 16 പഞ്ചായത്തുകളുടെ പുരോഗതി 50 ശതമാനത്തില്‍ താഴെയാണ്.
നിലമ്പൂര്‍, കാളികാവ് ബ്ലോക്കുകളുടെയും മലപ്പുറം, കോട്ടക്കല്‍ നഗരസഭകളുടെയും 48 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
ഇന്ന് വിരമിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍, ജില്ലാ ഗ്രൗണ്ട് വാട്ടര്‍ ഓഫീസര്‍ കെ.എന്‍. സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.