Connect with us

Kozhikode

ഉത്സവത്തിനെത്തിച്ച ആന വെടിയൊച്ച കേട്ട് വിരണ്ടു

Published

|

Last Updated

കോഴിക്കോട്: ഉത്സവത്തിനായി കൊണ്ടുവന്ന ആന വെടിയൊച്ച കേട്ട് വിരണ്ടോടി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കണ്ണഞ്ചേരി തളിയാടത്ത് ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മോഹനന്‍ എന്ന ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
കൂടത്തായി നജ്മുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആനയെ എഴുന്നള്ളത്തിന് അകമ്പടിയായി കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ആളുകള്‍ക്ക് പിന്നില്‍ വരികയായിരുന്ന ആന വെടിയൊച്ച കേട്ട് തിരിഞ്ഞോടുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന ആള്‍കൂട്ടത്തിനോട് ആന തിരിഞ്ഞോടിയതിനാല്‍ ദുരന്തം ഒഴിവായി. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ആന ചാടി രക്ഷപ്പെട്ടു.
വിരണ്ടോടിയ ആനയെ നിരവധി നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ തളക്കാന്‍ ശ്രമിച്ച പോലീസും വനപാലകരും വിയര്‍ത്തു. ആളുകള്‍ ഓടുന്ന ബഹളവും നിലവിളിയും കേട്ട് കൂടുതല്‍ വിരണ്ട ആന ക്ഷേത്ര വളപ്പില്‍ നിന്ന് പയ്യാനക്കല്‍ വഴി ഓടുന്നതിനിടെ നായ്പാലത്തെ ഏതാനും വീടുകളുടെ മതിലുകള്‍ തകര്‍ത്തു. തളിയാടത്ത് ക്ഷേത്രത്തിന് അല്‍പം മാറിയുള്ള തളിയാടത്ത് മുരുകക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റി. ആന തകര്‍ത്ത മതില്‍ ഇടിഞ്ഞുവീണ് മുരുകക്ഷേത്രത്തിന് ചുറ്റും കെട്ടിയുയര്‍ത്തിയ പന്തല്‍ പൊളിഞ്ഞുവീണു.
പയ്യാനക്കല്‍ വഴിയോടിയ ആന പള്ളിക്കണ്ടി ഭാഗത്ത് കൂടി പാലം കടന്ന് കല്ലായി പുഴയിലിറങ്ങി നിന്നു. ഇവിടെ നിന്ന് പിന്നീട് കല്ലായ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് ഓടിയ ആന റെയില്‍വേയുടെ ഗുഡ്‌സ് ഷെഡിനടുത്തെത്തി നിന്നു. ഇവിടെ വെച്ച് ശാന്തനായ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പാപ്പാന്‍ തളക്കുകയായിരുന്നു. ഒമ്പത് മണിയോടെ ആനയെ ലോറിയില്‍ കയറ്റി കൂടത്തായിയിലേക്ക് കൊണ്ടുപോയി. താമരശ്ശേരി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.