വണ്ടിയോടിച്ചത് താന്‍; സല്‍മാന്‍ ഖാന്റെ വാദം ശരിവെച്ച് ഡ്രൈവറുടെ മൊഴി

Posted on: March 31, 2015 12:47 am | Last updated: March 31, 2015 at 9:48 am
SHARE

salman khanമുംബൈ: ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെ കാറോടിച്ചു കയറ്റിയെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വാദം ന്യായീകരിച്ച് ഡ്രൈവറുടെ മൊഴി. ഒരാളുടെ മരണത്തിനും നാല് പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടം നടക്കുമ്പോള്‍ നടന്‍ ആയിരുന്നില്ല വാഹനമോടിച്ചതെന്നും താനാണെന്നും ഖാന്റെ കുടുംബ ഡ്രൈവര്‍ അശോക് സിംഗ് സെഷന്‍സ് കോടതിയില്‍ പറഞ്ഞു. 2002ലാണ് കേസിനാസ്പദമായ സംഭവം. ബാന്ദ്രയുടെ പ്രാന്ത പ്രദേശത്ത് വഴിയരികില്‍ കിടന്നുറങ്ങുന്നവര്‍ക്കിടയിലേക്ക് ഖാന്‍ ഓടിച്ച ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഇടിച്ചു കയറിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഖാന്‍ മദ്യലഹരിയിലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.
13 വര്‍ഷം പഴക്കമുള്ള കേസില്‍ നിര്‍ണായകമായ മൊഴിയാണ് അശോക് സിംഗിന്റെത്. വാഹനത്തിന്റെ ടയര്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നും അശോക് കോടതിയില്‍ പറഞ്ഞു. താന്‍ ഞെട്ടിത്തരിച്ച നിലയിലായിരുന്നുവെന്നും കാര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ ഇടത് വശത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാഗത്തെ വാതില്‍ ജാമായിരുന്നതിനാല്‍ തന്റെ വശത്തു കൂടിയാണ് നടന്‍ പുറത്തിറങ്ങിയതെന്നും ഡ്രൈവര്‍ ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു.
എന്തുകൊണ്ട് ഇത്രയും കാലം ഇത് മറച്ചുവെച്ചു എന്ന കോടതിയുടെ ചോദ്യത്തിന് സംഭവം നടന്നപ്പോള്‍ തന്റെ വാക്കുകള്‍ പോലീസ് കേട്ടില്ലെന്നും പിന്നെ എന്ത് ചെയ്യണമെന്നറിയാത്തത് കൊണ്ടാണ് താന്‍ ഇതുവരെ ഒന്നും പറയാതിരുന്നതെന്നും അശോക് ഉത്തരം നല്‍കി. എന്നാല്‍ ഡ്രൈവറുടെ മൊഴി വിശ്വസിക്കരുതെന്നും അദ്ദേഹം വന്‍ തുക പ്രതിഫലം വാങ്ങിയാണ് ഇങ്ങനെ പറയുന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വാദിച്ചു. 1990 മുതല്‍ സല്‍മാന്‍ ഖാന്റെ പിതാവ് സാലിം ഖാന്റെ ഡ്രൈവറായിരുന്നു അദ്ദേഹമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ താനല്ല, ഡ്രൈവറാണ് വാഹനമോടിച്ചതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമാണ് സല്‍മാന്‍ പറഞ്ഞത്. അപകട സമയം ഡ്രൈവര്‍ അശോക് ആയിരുന്നു കാറോടിച്ചതെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.