Connect with us

Gulf

ദിഹാദിന് പ്രൗഢമായ തുടക്കം

Published

|

Last Updated

ദുബൈ: 12-ാമത് രാജ്യാന്തര ജീവകാരുണ്യ പ്രദര്‍ശനവും സമ്മേളനവും ദുബൈയില്‍ ആരംഭിച്ചു. ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങില്‍ നിരവധി ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ വിവിധ അവസരങ്ങളും സുസ്ഥിരതയും ചലനാത്മകതയും വിശകലനം ചെയ്യുന്ന സമ്മേളനം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനത്തിനും ആശയ വിനിമയത്തിനും വേദിയാകുന്നുണ്ട്.
ദുബൈ ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി ചെയര്‍പേഴ്‌സണും, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ പത്‌നിയുമായ ഐക്യരാഷ്ട്രസഭയുടെ പീസ് അംബാസിഡര്‍ ഹയാ ബിന്‍ത് ഹുസൈന്‍ രാജകുമാരിയാണ് ഔദ്യോഗിക ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. ജീവകാരുണ്യ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുകയാണ് ദിഹാദെന്ന് അവര്‍ പറഞ്ഞു.
ജോര്‍ദാനിലെ ഹസന്‍ ബിന്‍ തലാല്‍ രാജകുമാരന്‍ മുഖ്യാതിഥിയായിരുന്നു. കലാപങ്ങളെയും അസ്ഥിരതയെയും നേരിടുന്നതിന് അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരസ്പര ബന്ധവും സഹകരണവുമാണ് മനുഷ്യ പുരോഗതിയുടെ അടയാളമായി കണക്കാക്കേണ്ടത്. മനുഷ്യരുടെ അന്തസിനു നിരക്കാത്ത കാര്യങ്ങള്‍ക്കാണ് അറബ് മേഖല സാക്ഷിയാവുന്നത്. യു എന്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഏറെ പരിശ്രമിക്കുന്നു. എന്നാല്‍ അതിനെ നിഷ്പ്രഭമാക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്.
സകാത്ത് സമൂഹത്തിലെ ആവശ്യമുള്ള ജനവിഭാഗങ്ങളിലേക്കെത്തേണ്ടതുണ്ട്. അവരെ പുനരുദ്ധരിക്കുന്ന മഹത് ദൗത്യമാണ് സകാത്തിനുള്ളത്- അദ്ദേഹം പറഞ്ഞു. യു എ ഇ ലോകത്തിലെ ഏറ്റവും വലിയ സഹായ ദാതാവായി തീര്‍ന്നിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി ചൂണ്ടിക്കാട്ടി. യു എ ഇ റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ മുസല്ലം മസ്‌റൂഈ, ഇബ്‌റാഹീം ബൂമില്‍ഹ, അല്‍ ഹാജ് ആസ് സി പ്രസംഗിച്ചു. 66 രാജ്യങ്ങളില്‍ നിന്ന് 396 പ്രദര്‍ശകര്‍ മൂന്നു ദിവസം നീളുന്ന പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

Latest