Kerala
മഅ്ദിന്‍ വൈസനിയം: 20 രാഷ്ട്രങ്ങളില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

തിരുവനന്തപുരം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷം ‘വൈസനിയം എന്ന പേരില്‍ ഏപ്രില്‍ 12ന് തുടങ്ങും. 2017 ഡിസംബറില്‍ സമാപിക്കുന്ന ‘വൈസനിയത്തിന്റെ ഭാഗമായി ഇരുപത് രാജ്യങ്ങളില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുപത് വര്‍ഷങ്ങള്‍ എന്ന് അര്‍ഥം വരുന്ന ലാറ്റിന്‍ വാക്കാണ്‘വൈസനിയം.
വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാമ്പത്തികം, ചരിത്രം, കുടുംബം, കുടിയേറ്റം, ആരോഗ്യം, പരിസ്ഥിതി, ഭാഷ തുടങ്ങിയ ഇരുപത് വിഭാഗങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനമാണ് ഏപ്രില്‍ 12 മുതല്‍ 16 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്നത്.
12ന് ഉദ്ഘാടന സമ്മേളനം, 13 മുതല്‍ 15 വരെ ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ്, 16ന് പൊതു സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍. തിരുവനന്തപുരത്ത് ഇന്നലെ നടന്ന ചടങ്ങില്‍ ‘വൈസനിയം’ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നഗര കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലിക്കും വിഷ്വല്‍ ഐഡന്റിറ്റി രേഖ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ‘വൈസനിയം ജി സി സി കമ്മിറ്റി ചെയര്‍മാന്‍ കുറ്റൂര്‍ അബ്ദുര്‍റഹിമാന്‍ ഹാജിക്കും നല്‍കി പ്രകാശനം ചെയ്തു.
വിവിധ ദേശീയ-അന്തര്‍ദേശീയ യൂനിവേഴ്‌സിറ്റികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ പ്രകാരം അവയുടെ പഠനാവസരങ്ങള്‍ ലഭ്യമാവുന്ന തരത്തില്‍ ഒരു എജ്യുഹബ്ബായി മഅ്ദിന്‍ അക്കാദമിയെ മാറ്റാനാണ് വൈസനിയം ലക്ഷ്യമിടുന്നത്. പുതിയ അഞ്ച് ക്യാമ്പസുകളുടെ ഉദ്ഘാടനം, കേരളത്തിന്റെ പൈതൃകത്തെക്കുറിച്ചുള്ള ബൃഹത്തായ ഗവേഷണ പദ്ധതി, അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ റിസര്‍ച്ച് ജേണല്‍. 5000 ഹോം ലൈബ്രറികള്‍, പ്രവാസികളുടെ വിദ്യാഭ്യാസ-ക്ഷേമ കാര്യങ്ങള്‍ക്ക് സ്ഥിരം സംവിധാനങ്ങള്‍, വെര്‍ച്ച്വല്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ വിവിധ പദ്ധതികള്‍ വൈസനിയത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ സമ്പൂര്‍ണരേഖ ഉദ്ഘാടന സംഗമത്തില്‍ പുറത്തിറക്കും.
വൈസനിയത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ സെപ്തംബറില്‍ ലണ്ടനില്‍ നടന്നിരുന്നു. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍, ആസ്‌ത്രേലിയ, ഫിജി, മലേഷ്യ എന്നീ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും പ്രീ കോണ്‍ഫറന്‍സുകള്‍ നടന്നു. വൈസനിയം പരിപാടികള്‍ക്കായുള്ള ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്: 9633158822, 9946623412, 956245 1461. ഇ മെയില്‍: vicennium@ mahdin online.com. Website: www.mahdinonline.com.