സുല്‍ത്താന്‍ ഖാബൂസ് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി

Posted on: March 24, 2015 7:50 pm | Last updated: March 24, 2015 at 7:50 pm
SHARE

sultan-qaboos--w=1500ദുബൈ: കാത്തിരിപ്പിന് വിട; വാര്‍ഷിക അവധിക്കും ചികിത്സാ ആവശ്യത്തിനുമായി ജര്‍മനിയിലേക്ക് പുറപ്പെട്ട സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്റെ മണ്ണില്‍. സുല്‍ത്താനെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കിന് സ്വദേശികളും വിദേശികളുമായ ജനങ്ങളിലേക്ക് ഇന്നലെ വൈകുന്നേരം 6.30നാണ് ഭരണാധികാരിയെത്തിയത്.

സുല്‍ത്താന്‍ എത്തിയതായുള്ള വാര്‍ത്ത ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ആണ് പുറത്തുവിട്ടത്. പ്രിയ നായകനെ സ്‌നേഹാദരങ്ങളോടെ രാജ്യം വരവേറ്റു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സുല്‍ത്താന്റെ വിമാനം ലാന്‍ഡ് ചെയ്തത്. ഇവിടെ നിന്നും ബര്‍കയിലെ കൊട്ടാരത്തിലേക്ക് വലിയ സുരക്ഷാ സന്നാഹങ്ങളോടെയാണ് സുല്‍ത്താനെ ആനയിച്ചത്.
സുല്‍ത്താന്റെ ആഗമന വാര്‍ത്തയറിഞ്ഞതോടെ ജനം ആഘോഷത്തിന്റെ ആരവങ്ങള്‍ മുഴക്കി. കുട്ടികളടക്കമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്തോഷം പങ്കിട്ടു. രാജ്യത്തിന്റെ ദേശീയ ഗാനം റിംഗ് ടോണ്‍ ആക്കിയാണ് ഒമാന്‍ ടെല്‍ മൊബൈല്‍ കമ്പനി സുല്‍ത്താനെ സ്വാഗതം ചെയ്തത്. റേഡിയോ ചാനലുകള്‍, ഒമാന്‍ ടി വി എന്നിവരും വിവിധ പരിപാടികള്‍ അവതരിപ്പിച്ച് സ്വാഗതമോതി. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ വലിയ കമാനങ്ങള്‍ സ്ഥാപിച്ചും അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും മധുരം വിതരണം ചെയ്തു സന്തോഷം പങ്കുവെച്ചു. സുല്‍ത്താന്‍ എത്തുമെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പരന്നതോടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജനം ആ സുന്ദര നിമിഷവും കാത്തിരിക്കുകയായിരുന്നു. സുല്‍ത്താനേറ്റിന്റെ സന്തോഷത്തിനൊപ്പം മലയാളി പ്രവാസി സമൂഹവും പങ്കുചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ജര്‍മന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്. എട്ട് മാസമാണ് ജര്‍മനിയില്‍ സുല്‍ത്താന്‍ ചെലവഴിച്ചത്. വാര്‍ഷിക വെക്കേഷനും സ്വകാര്യ സന്ദര്‍ശനത്തിനുമായാണ് സുല്‍ത്താന്‍ ജര്‍മനിയിലേക്ക് പോയിരുന്നത്. ജര്‍മനിയില്‍വെച്ച് അദ്ദേഹം ചില ആരോഗ്യ പരിശോധനകള്‍ക്കും ചികിത്സക്കും വിധേയനായിരുന്നു. അവധിക്കാലയളവിലും രാജ്യത്തിന്റെ ഭരണ കാര്യങ്ങളിലും സുല്‍ത്താന്‍ തന്നെയാണ് നിയന്ത്രിച്ചിരുന്നത്.