Connect with us

National

പാക് ദിനാഘോഷം: മസ്‌റത്ത് ആലത്തെ ന്യൂഡല്‍ഹിയിലേക്ക് ക്ഷണിച്ചത് വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: ഹുര്‍റിയത് തീവ്രവിഭാഗം നേതാവ് മസ്‌റത്ത് ആലത്തെ ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ സ്ഥാനപതികാര്യാലയത്തില്‍ നടന്ന പാക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദമായി. എന്നാല്‍, മസ്‌റത്ത് ആലം ക്ഷണം നിരസിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ക്ഷണം നിരസിക്കുന്നതെന്ന് ആലം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മസ്‌റത്ത് ആലത്തെ ക്ഷണിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനാ മുന്‍ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി കെ സിംഗ് ചടങ്ങില്‍ പങ്കെടുത്തു.
ജമ്മുകശ്മീരില്‍ 2010ല്‍ പോലീസിനും സൈന്യത്തിനും നേരെയുണ്ടായ മാസങ്ങള്‍നീണ്ട അക്രമാസക്ത പ്രതിഷേധത്തിന്റെ സൂത്രധാരനായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് മസ്‌റത്ത് ആലം. ജയിലിലായിരുന്ന മസ്‌റത്ത് ആലത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അടുത്തിടെ മോചിപ്പിച്ചത് വിവാദമായിരുന്നു.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാത്ത രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാറിന്റെ നടപടി. എന്നാല്‍ സഖ്യകക്ഷിയായ ബി ജെ പിയും പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് ഇതിനെതിരെ രംഗത്ത് വന്നതോടെ മുഫ്തി സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയായിരുന്നു.
പാക് ദിനാഘോഷത്തില്‍ മസ്‌റത്ത് ആലത്തിന് പുറമെ ഏഴ് ഹുര്‍റിയത്ത് നേതാക്കളെ ക്ഷണിച്ചിരുന്നു. ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖ് ദിനാഘോഷത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി അബ്ദുല്‍ ബാസിത്തുമായി മിര്‍വായിസ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത് ഹുര്‍റിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ച കഴിഞ്ഞവര്‍ഷം ഇന്ത്യ റദ്ദാക്കിയിരുന്നു. സെക്രട്ടറിതല പുനരാരംഭിച്ച ഘട്ടത്തിലാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
അതിനിടെ, ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് പാക്കിസ്ഥാന്‍ മുന്തിയ പരിഗണന നല്‍കുമെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് വേണ്ടതെന്ന് അബ്ദുല്‍ ബാസിത്തും പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ പാക് സന്ദര്‍ശനം ഈ ദിശയിലേക്കുള്ള ഉറച്ച ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.