കുതിരയോട്ട മത്സരം: ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും വിജയികള്‍ക്ക് കപ്പ് കൈമാറി

Posted on: March 23, 2015 6:46 pm | Last updated: March 23, 2015 at 6:46 pm
SHARE

crownedദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ചേര്‍ന്ന് ദുബൈ ക്രൗണ്‍ പ്രിന്‍സ് എന്‍ഡ്യുറന്‍സ് കപ്പില്‍ ഒന്നാമനായ ശൈഖ് റാശിദ് ദല്‍മൂക് അല്‍ മക്തൂമിന് കപ്പ് കൈമാറി. കുതിരയോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ശൈഖ് ഹമദ് തല്‍മൂക് അല്‍ മക്തൂമിനും ശൈഖ് മുഹമ്മദ് സമ്മാനം നല്‍കി. അബ്ദുല്ല ഗനീം അല്‍ മറിയാണ് മൂന്നാം സ്ഥാനം നേടിയത്. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ 190 പേരാണ് മാറ്റുരച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര കുതിരസവാരിക്കാരും മത്സരിക്കാന്‍ എത്തിയിരുന്നു.
ദുബൈ ക്രൗണ്‍ പ്രിന്‍സ് എന്‍ഡ്യൂറന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഏറ്റവും പ്രശസ്തമായ മത്സരമായിരുന്നു ഇത്. ലോകത്തിലെ മികച്ച കുതിര സവാരിക്കാര്‍ അണിനിരന്നിരുന്നതിനാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. കാണികളായി എത്തിയവര്‍ക്കും മത്സരം വേറിട്ട അനുഭവമായി. മറ്റ് മൂന്നു മത്സരങ്ങള്‍ കൂടി ഇതോടനുബന്ധിച്ച് ദുബൈ ഇന്റര്‍നാഷനല്‍ എന്‍ഡ്യൂറന്‍സ് സിറ്റിയില്‍ അരങ്ങേറിയിരുന്നു. ദുബൈ മീഡിയ ഓഫീസിലെ ഫോട്ടോഗ്രഫി സെക്ഷന്‍ ഡയറക്ടര്‍ ഖലീഫ അല്‍ യൂസുഫിന്റെ ഫോട്ടോ ഗ്യാലറിയിലും ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും സന്ദര്‍ശനം നടത്തി. രാജ്യത്തിന്റെ കുതിരയോട്ട പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്ന ഫോട്ടോ പ്രദര്‍ശനം. 1995 മുതല്‍ ശൈഖ് മുഹമ്മദും ആണ്‍മക്കളും വിജയക്കൊടി പാറിച്ച മത്സരങ്ങളുടെ കോരിത്തരിപ്പിക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്. രാജ്യത്ത് ആദ്യമായി കുതിരയോട്ട മത്സരത്തിന് തുക്കമിട്ടത് യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനായിരുന്നു.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ദുബൈ ഇന്റര്‍നാഷനല്‍ അറേബ്യന്‍ ഹോഴ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിലും ശൈഖ് മുഹമ്മദ് പങ്കെടുത്തു. ദുബൈ ഇന്റര്‍നാഷനല്‍ ഹോഴ്‌സ് ഫെയറിന്റെ സമാപന ചടങ്ങിലും ശൈഖ് മുഹമ്മദ് സന്നിഹിതനായിരുന്നു.
ദുബൈ ഉപഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവര്‍ക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും കുതിരകളുടെ ഉടമകളുമെല്ലാം പങ്കെടുത്തു.