Connect with us

Kozhikode

മുക്കം പോളിടെക്‌നിക്: എതിര്‍പ്പുമായി നാട്ടുകാര്‍

Published

|

Last Updated

മുക്കം: ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പോളിടെക്‌നിക് ക്ലാസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചേന്ദമംഗലൂരില്‍ വിവാദം. ഇതേ തുടര്‍ന്ന് ഇന്നലെ എം എല്‍ എ വിളിച്ചു ചേര്‍ത്ത യോഗം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു.
അടുത്ത അധ്യാനവര്‍ഷം പോളിടെക്‌നിക്കില്‍ ക്ലാസ് ആരംഭിക്കാനും അതിന് ചേന്ദമംഗല്ലൂര്‍ ഗവ. യു പി സ്‌കൂളിലെ പഴയകെട്ടിടം ഉപയോഗിക്കാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനുവേണ്ടി എം എല്‍ എ യുടെ പേരില്‍ കത്തടിച്ച് നാട്ടുകാരെയും പൊതു പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. മൂന്ന് മണിക്കായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ ഉച്ചക്ക് 2.30ഓടെ സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്ന ചര്‍ച്ചയുമായി സഹകരിക്കുകയില്ലെന്ന് പറഞ്ഞ പി ടി എ ഭാരവാഹികളും രക്ഷിതാക്കളും രംഗത്തെത്തി.
ഇതോടെയാണ് യോഗവുമായി മുന്നോട്ട് പോകാനാവില്ലെന്ന് എം എല്‍ എ യുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അതോടൊപ്പം മംഗലശ്ശേരി തോട്ടത്തില്‍ പോളിടെക്‌നിക് നിര്‍മിക്കാനനുവദിക്കില്ലെന്ന വാദവുമായി അവിടുത്തെ താമസക്കാരും രംഗത്തെത്തി. 27 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ അഞ്ച് ഏക്കറിലാണ് പോളിടെക്‌നിക് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിനുവേണ്ടി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തിരുന്നു. ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.