പ്രതിപക്ഷത്തിന്റേത് തെറ്റായ പ്രചാരണം: ജയലക്ഷ്മി

Posted on: March 20, 2015 5:39 am | Last updated: March 20, 2015 at 12:40 am
SHARE

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് അവതരണ ദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി പി കെ ജയലക്ഷ്മി. ബജറ്റ് അവതരണ ദിവസം പ്രതിഷേധത്തിന്റെ പേരില്‍ പ്രതിപക്ഷം നടത്തിയിട്ടുള്ളത് അംഗീകരിക്കാനാവില്ല. ജാള്യത മറച്ചുപിടിക്കാന്‍ ഗീബല്‍സിയന്‍ തന്ത്രവുമായിട്ടാണ് പ്രതിപക്ഷത്തെ വനിതാ സാമാജികര്‍ ഉള്‍പ്പെടെ രംഗത്തുവന്നത്. സംഭവങ്ങളുടെ വീഡിയോ ഭരണ- പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചിരുന്ന് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം അതിന് തയ്യാറാകാത്തതെന്ന് വ്യക്തമാക്കണം. പ്രതിപക്ഷ വനിതാ സാമാജികരെ ആരും ആക്രമിച്ചിട്ടില്ല. പ്രതിപക്ഷ എം എല്‍ എമാര്‍ ഭരണപക്ഷത്തെ സാമാജികരുടെ ഇരിപ്പിടങ്ങളിലേക്ക് പ്രകോപനപരമായി കടന്നുവരികയാണ് ഉണ്ടായതെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.