മലയാളികളെ മലയാളികള്‍ മറക്കരുത്‌

Posted on: March 19, 2015 9:16 pm | Last updated: March 19, 2015 at 9:16 pm
SHARE

kannaadiഗള്‍ഫില്‍ വിദേശികളെന്നാല്‍, ഏറെക്കുറെ, മലയാളികളും സിന്ധികളും പാക്കിസ്ഥാനികളും മാത്രമാണെന്ന കാലമുണ്ടായിരുന്നു. വളരെ മുമ്പൊന്നുമല്ല. ഏതാണ്ട് 25 വര്‍ഷം മുമ്പ്. ഫിലിപ്പൈനികളും ശ്രീലങ്കക്കാരും വളരെ കുറവായിരുന്നു. ചൈനക്കാരെക്കുറിച്ച് കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. വീട്ടുജോലിക്ക് അറബ് സമൂഹം ഏറെ ഇഷ്ടപ്പെട്ടിരുന്നത് മലയാളികളെയാണ്. ശുചിത്വവും അക്ഷരാഭ്യാസവും, ഭാഷ എളുപ്പം വഴങ്ങുമെന്നുള്ളതും കാരണങ്ങള്‍. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്ന് ധാരാളം വീട്ടുവേലക്കാരികള്‍ എത്തി. അവര്‍ അറബ് സ്ത്രീകളുമായി എളുപ്പം ഇണങ്ങി. ഗള്‍ഫ് മേഖലയിലേക്ക് പാശ്ചാത്യ ജീവിത രീതികള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ ഫിലിപ്പൈനികള്‍ എത്തി. വീട്ടുവേലക്ക് എന്ന മറവില്‍ ചില മലയാളീ സാമൂഹിക വിരുദ്ധര്‍ യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍വാണിഭക്കാരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തത് കേരളത്തെ ഭയപ്പെടുത്തി. സ്ത്രീകള്‍ ജോലിക്ക് ഗള്‍ഫിലേക്ക് എത്താന്‍ മടിച്ചു. ഇതോടെ, മലയാളി സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ഫിലിപ്പൈന്‍, ശ്രീലങ്ക, ഇന്തോനേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി.
അധ്വാനിക്കാന്‍ സന്‍മനസുണ്ടെങ്കില്‍ മലയാളീ സ്ത്രീകള്‍ക്ക് ഗള്‍ഫില്‍ ഇപ്പോഴും ധാരാളം തൊഴിലവസരങ്ങളുണ്ട്. അറബി വീടുകളില്‍ ഡ്രൈവര്‍മാര്‍, പാചകക്കാര്‍ എന്നിവര്‍ക്കും സാധ്യതകളുണ്ട്. മിക്ക സ്വദേശികളും മലയാളികളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെയെന്ന പോലെ കണക്കാക്കുകയും ചെയ്യും.
നാട്ടില്‍, ചെറിയ ജോലികള്‍ ചെയ്യാന്‍ മടിയുള്ളവര്‍ ഗള്‍ഫില്‍ എന്തു ജോലിയും ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാല്‍, പഴയതുപോലെ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല.
മുമ്പ്, സന്ദര്‍ശക വിസയിലും ‘ഫ്രീ’വിസയിലും എത്തിയാണ് ഉചിതമായ ജീവിതോപാധി കണ്ടെത്തിയിരുന്നത്. ഫ്രീ വിസ ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. കരാര്‍ അടിസ്ഥാനത്തിലാണ് ചെറുകിട ജോലിക്കു പോലും ആളെ നിയമിക്കുന്നത്. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലന്വേഷകര്‍ക്കും തൊഴിലുടമക്കും ധാരണയുണ്ടാകും.
അത്, തൊഴില്‍ കമ്പോളത്തിന്റെ ക്രമീകരണത്തിന് ഗുണം ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പക്ഷേ, മലയാളികള്‍ തയ്യാറായിട്ടില്ല. അതാണ്, വീട്ടു ജോലിസ്ഥലങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും മലയാളികളെ കാണാതിരിക്കുന്നത്.
ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലും ഓഫീസുകളിലെ ചെറുഅടുക്കളകളിലും മലയാളികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ വിവിധ രാജ്യക്കാര്‍ വേണമെന്ന് ചില ഗള്‍ഫ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ എത്രവേണമെങ്കിലും ആകാമെന്ന നിലപാടുണ്ട്. അത്, പക്ഷേ മലയാളീ തൊഴിലുടമകളും മറന്നുപോകുന്നു. മലയാളികളെ വേണ്ടെന്ന് മലയാളികള്‍ തന്നെ പറയരുത്. കാരണം, എന്തൊക്കെ കുറവുകളുണ്ടെങ്കിലും ആത്മാര്‍ത്ഥത മലയാളിക്കു തന്നെയാണ്. അവരെ നേരായ വഴിയിലേക്ക് നയിക്കണമെന്നുമാത്രം.