ആറ് പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുമെന്ന് തിര. കമ്മീഷന്‍

Posted on: March 19, 2015 6:00 am | Last updated: March 18, 2015 at 10:52 pm
SHARE

election commissionന്യൂഡല്‍ഹി: അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് എ എ പി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കിയത്. ചെലവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിക്കാനും താത്കാലികമായി റദ്ദാക്കാനും അധികാരം നല്‍കുന്ന തിരഞ്ഞെടുപ്പ് ചിഹ്നം നിയമത്തിലെ 16 (എ) വകുപ്പ് പ്രയോഗിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. എ എ പിക്ക് പുറമെ, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം), കേരളാ കോണ്‍ഗ്രസ് (എം), നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് മണിപ്പൂര്‍, ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് എന്നിവക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ രണ്ട് പ്രാവശ്യം ഈ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ പാര്‍ട്ടികളും 90 ദിവസത്തിനകം ചെലവായ തുകയുടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിയമം. ഇതില്‍ വീഴ്ച വരുത്തിയാല്‍ തിരഞ്ഞെടുപ്പ് ചിഹ്നവും തുടര്‍ന്ന് അംഗീകാരവും നഷ്ടപ്പെടും. കഴിഞ്ഞ ഒക്‌ടോബര്‍ 22നും നവംബര്‍ 28നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ പാര്‍ട്ടികളുടെ പ്രതികരണം ലഭിച്ചില്ലെന്നും അതിനാലാണ് കര്‍ശന നിലപാട് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.