Connect with us

Palakkad

മോഷ്ടിച്ച ഓട്ടോറിക്ഷയിടിച്ച് ഒരാള്‍ മരിച്ച സംഭവം: പിടിയിലായ രണ്ട് പേര്‍ പതിനേഴ് വയസ്സുകാര്‍

Published

|

Last Updated

ചിറ്റൂര്‍: മോഷണം നടത്തിയ ഓട്ടോറിക്ഷയിടിച്ച് എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. പിടിയിലായവര്‍ പതിനേഴുവയസുകാര്‍.
നിരവധി കളവുകേസിലെ പ്രതികളെന്ന് പോലിസ്. മോഷണം നടത്തിയ ഓട്ടോറിക്ഷ വില്‍പന നടത്തുന്നതിനായി പോവുന്നതിനിടെ പ്രഭാത നടത്തത്തിനിറങ്ങിയ ചിറ്റൂര്‍ കച്ചേരിമേട് ചെത്തിമറ്റം വീട്ടില്‍ രാജന്‍ പി നായര്‍ ഓട്ടോ ഇടിച്ച് മരിച്ച കേസിലെ പ്രതികളെ ഇന്നലെ ചിറ്റൂര്‍ പോലിസ് വടക്കഞ്ചേരിയില്‍ നിന്നും പിടികൂടി. ഒരാള്‍ പാലക്കാട് വടക്കഞ്ചേരി സ്വദേശിയും മറ്റൊരാള്‍ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയുമാണ്. പിടിക്കപ്പെട്ടവര്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണെന്ന് ചിറ്റൂര്‍ എസ്.ഐ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
കഴിഞ്ഞ പതിമൂന്നാം തിയതി പാലക്കാട് മണപ്പുള്ളികാവിനു സമീപത്തുനിന്നും മോട്ടര്‍ സൈക്കിള്‍ മോഷ്ടിച്ചതിനുശേഷം ആലത്തൂര്‍ ഇരട്ടക്കുളം പുനിലാവ് ഉസൈനാരുടെ വീട്ടില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയും മോഷ്ടിച്ച കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ ഉസൈനാരുടെ വീടിനു സമീപത്ത് ഉപേക്ഷിച്ച് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. പിന്നീട് ഒറ്റപ്പാലം ലക്കിടിയില്‍ ഒരു സ്റ്റേഷനറി കട കുത്തിപൊളിച്ച് സ്റ്റേഷനറി സാധനങ്ങളും ബേക്കറി സാധനങ്ങളും മോഷ്ടിച്ചതിനുശേഷം ഓട്ടോറിക്ഷ പൊള്ളാച്ചിയില്‍ വില്‍പന നടത്തുന്നതിനായി പോവുന്നതിനിടെ കച്ചേരിമേട് മിനി സിവില്‍ സ്‌റ്റേഷനു സമീപത്ത് പ്രഭാത നടത്തത്തിനിറങ്ങിയ രാജന്‍ പി നായരെ ഇടിക്കുകയായിരുന്നു. ഇതിനുശേഷം കടന്നുകളഞ്ഞ ഇവര്‍ അപകട സ്ഥലത്തിനു പരിസരത്തുള്ള ബേക്കറിക്ക് അരികിലായി ഓട്ടോ നിര്‍ത്തി ഒരു മണിക്കൂര്‍ വിശ്രമിച്ചതിനുശേഷം സ്ഥലം വിടുകയായിരുന്നു.
ഹര്‍ത്താലായതിനാല്‍ ഓട്ടോ പിന്നീട് എടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇതാണ് പോലിസിന് പ്രതികളെ പിടികൂടാന്‍ തുണയായത്. ബേക്കറിയിലെ സി.സി.ടി.വി ക്യാമറയില്‍ ഇവരുടെ ദൃശ്യം ലഭിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. വാഹനം ഉപേക്ഷിച്ചതിനുശേഷം ഇരുവരും സമീപത്തെ പള്ളിയില്‍ വിശ്രമിക്കുകയും ഉപേക്ഷിച്ച ഓട്ടോഎടുക്കാന്‍ എത്തിയപ്പോള്‍ ഓട്ടോ ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ തടിച്ചുകൂടിയ ആളുകളില്‍ നിന്ന് വിവരശേഖരണം നടത്തിയതിനുശേഷം സ്ഥലം വിടുകയായിരുന്നു.
അന്നു വൈകീട്ടാണ് സി സി ടി വി ദൃശ്യങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുവരില്‍ ഒരാള്‍ കുടുംബസമേതം വടക്കഞ്ചേരിയിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ കണ്ണൂരില്‍ താമസിക്കുന്നയാള്‍ക്ക് ഇരിക്കൂര്‍- മൂന്ന്, മട്ടനൂര്‍ പോലിസ് സ്‌റ്റേഷനില്‍ രണ്ട് മോഷണ കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ രൂപസാദൃശ്യമുള്ള രണ്ടുപേര്‍ വടക്കഞ്ചേരി ഭാഗത്ത് നില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ചിറ്റൂര്‍ എസ് ഐ ടി എസ് ബിനു, അഡീഷണല്‍ എസ് ഐ ദിനുറെനി, സിവില്‍ സി പി ഒ താജുദ്ദീന്‍, സി പി ഒ സന്തോഷ്, ഡ്രൈവര്‍ അരവിന്ദാക്ഷന്‍ സംഘമാണ് പ്രതികളെ പിടികൂടിയത്. പാലക്കാട്, ആലത്തൂര്‍, വടക്കഞ്ചേരി സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ ഉള്ളതിനാല്‍ പിടികൂടിയവരെ കൂടുതല്‍ അന്വേഷണത്തിനായി മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറുമെന്ന് പോലിസ് അറിയിച്ചു.