Connect with us

Gulf

ഒട്ടകപ്പാലില്‍ നിന്ന് ഐസ് ക്രീം,പാല്‍പൊടി

Published

|

Last Updated

ദുബൈ: യു എ യിലെ ഏറ്റവും വലിയ പാലുല്‍പാദകരായ അല്‍ ഐന്‍ ഡയറി, സമ്പൂര്‍ണ ഒട്ടകപ്പാല്‍ ഐസ്‌ക്രീം വിപണിയിലിറക്കി “ക്യാമലെ” എന്ന പേരിലുള്ള പുതിയ ഉല്‍പന്നം യു എ യിലെ എല്ലാ പ്രധാനപ്പെട്ട ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ലഭ്യമാകും. പൂര്‍ണമായും ഒട്ടകപ്പാലില്‍ ഒരുക്കിയ പുതിയ ഐസ്‌ക്രീം, അല്‍ ഐന്‍ ഡയറിയുടെ മാത്രമല്ല, യു എ ഇ യുടെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവവും ഐതിഹാസമായ നേട്ടവുമാണെന്ന് അല്‍ ഐന്‍ ഡയറി സി ഇ ഒ അബ്ദുല്ല സൈഫ് അല്‍ ദര്‍മകി അഭിപ്രായപ്പെട്ടു.
34 വര്‍ഷം മുമ്പ് യു എ ഇ യുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ കമ്പനിക്ക് തുടക്കംകുറിക്കുമ്പോള്‍, അത് അന്നൊരു ചരിത്രമായത് പോലെ, നിരന്തരമായ ശ്രമങ്ങളിലൂടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കി ധന്യമായ പാരമ്പര്യം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറു വ്യത്യസ്ത രുചികളില്‍ രാജകീയമായ പാക്കിംഗില്‍ അറബ് മേഖലയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് “ക്യാമലെ”. നൂറു ശതമാനവും ശുദ്ധ ഒട്ടകപ്പാലില്‍ ഒരുക്കിയ ഐസ് ക്രീമില്‍ വിവിധ രുചികളിലുള്ള നട്ട് പീസുകളും ധാരാളമുണ്ട്. 125 മില്ലീ ലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെയുള്ള പാക്കുകളില്‍ “”ക്യാമലെ” ലഭിക്കും.
“ക്യാമലെ” കൂടാതെ, ക്യാമല്‍ മില്‍ക്ക് പൗഡര്‍ കൂടി അല്‍ ഐന്‍ ഡയറി വിപണിയില്‍ ഇറക്കിയിരിക്കുന്നു. അത്യാധുനിക സംവിധാനത്തില്‍ ഒരുക്കിയ ക്യാമല്‍ മില്‍ക്ക് പൗഡര്‍ ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. രണ്ടു പുതിയ ഉല്‍പന്നങ്ങളും ആദ്യ പ്രദര്‍ശനത്തില്‍ തന്നെ വിവിധ പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം വിപണി കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നു സി ഇ ഒ അബ്ദുള്ള സൈഫ് അല്‍ ദര്‍മകി പറഞ്ഞു. ആധുനിക ശാസ്ത്രത്തിന്റെ അഭിപ്രായത്തില്‍, ഒട്ടകപ്പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും ധാരാളം നൂട്രീഷന്‍സ് അടങ്ങിയ ഊര്‍ജ സ്രോതസ്സുകളാണ്. ത്വക്ക് രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമുള്ള പ്രകൃതിദത്തമായ പരിഹാരം കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെയര്‍മാന്‍ മുഹമ്മദ് സൈഫ് അല്‍ സുവൈദിയുടെ മേല്‍നോട്ടത്തിലാണ് ലോഞ്ചിംഗ് നടന്നത്.
പുതിയ ഉല്‍പന്നങ്ങളുടെ ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സി ഇ ഒ അബ്ദുല്ല സൈഫ് അല്‍ ദര്‍മകി, സി ഒ ഒ ശശി കുമാര്‍ മേനോന്‍, പ്ലാന്റ് ഓപറേഷന്‍സ് തലവന്‍ സയ്യിദ് മുഹമ്മദ് ഗൌസ് എന്നിവര്‍ പങ്കെടുത്തു.

Latest