വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കനാല്‍പ്പാലങ്ങളും പാര്‍ശ്വഭിത്തികളും തകര്‍ച്ചയില്‍

Posted on: March 17, 2015 10:06 am | Last updated: March 17, 2015 at 10:06 am
SHARE

കൊപ്പം : തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ തുടിക്കല്‍, പാറമ്മല്‍, കണിയറാവ് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാല്‍പ്പാലങ്ങളും പാര്‍ശ്വഭിത്തികളുമാണ് ഏത് നിമിഷവും തകര്‍ച്ചാഭീഷണിയിലായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ട പദ്ധതിയില്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താതാണ് പാലങ്ങളുടെയും പാര്‍ശ്വഭിത്തികളുടെയും തകര്‍ച്ചയ്ക്ക് കാരണം.
1982-83 കാലഘട്ടത്തിലാണ് ഗ്രാമ പഞ്ചായത്തില്‍ തുടിക്കല്‍ പദ്ധതിയില്‍ കനാല്‍പ്പാലങ്ങള്‍ പണിയുന്നത്. പഞ്ചായത്തിലെ പടിഞ്ഞാറന്‍മേഖലയിലെ ജലസേചനം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ തുടിക്കല്‍, പാറമ്മല്‍, കണിയറാവ് പ്രദേശങ്ങളിലൂടെയാണ് കനാല്‍പ്പാലങ്ങള്‍ കടന്നുപോകുന്നത്. ഗ്രാമ പഞ്ചായത്തിലെ കൂരാച്ചിപ്പടി, കുപ്പൂത്ത്, എടപ്പലം, അമരക്കുളം, പാലോളുകുളമ്പ് പ്രദേശങ്ങളിലേക്കുള്ള ജലസേചനമാണ് പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാല്‍ കാലപ്പഴക്കം കാരണം കനാലിന്റെ പല ഭാഗത്തും വിള്ളല്‍രൂപപ്പെട്ട് തുടങ്ങി. പാലങ്ങളിലും പാര്‍ശ്വഭിത്തികളിലും ദ്വാരങ്ങള്‍ വന്നതിനാല്‍ വെള്ളചോര്‍ച്ചയുമുണ്ട്. പലപാലങ്ങളും തകര്‍ച്ചാഭീഷണിയിലായതോടെ ഇപ്പോള്‍ വെള്ളം വിതരണം ചെയ്യുന്നില്ല. തുടിക്കല്‍ പദ്ധതിയില്‍ നവീകരണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജലസേചനം മുടങ്ങിയിരിക്കയാണ്. മാര്‍ച്ച് 31നകം നവീകരണം പൂര്‍ത്തിയാക്കുമെന്നാണ്അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നവീകരിച്ച പദ്ധതിയില്‍ ജലസേചനം നടത്തുന്നതിന് കനാലുകളും പാലങ്ങളും പണി അറ്റകുറ്റപണി നടത്തേണ്ടതുണ്ട്. തകര്‍ച്ചാഭീഷണിയിലായ പാലങ്ങളും കനാലുകളും ഓട്ടയടക്കുകയോ പുതിയത് പണിയുകയോ ചെയ്തില്ലെങ്കില്‍ നവീകരിച്ച പദ്ധതിയില്‍ ജലസേചനം പാഴ്‌വേലയാകും. ഇപ്പോള്‍ തന്നെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കിണറുകളിലും കുളങ്ങളിലും വെള്ളം വറ്റിയിരിക്കയാണ്. തൂതപ്പുഴയോട് ചേര്‍ന്ന പ്രദേശമാണെങ്കിലും പുഴയിലും നീരൊഴുക്ക് നിലച്ചിരിക്കയാണ്. വേനല്‍ മഴ അനുഗ്രഹമായെങ്കിലും മീനച്ചൂട് ശക്തമാകുന്നതോടെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക. തുടിക്കല്‍ പദ്ധതി നവീകരണം പൂര്‍ത്തിയാക്കുന്നതോടൊപ്പം കനാലുകളും നന്നാക്കണമെന്നാണ് കര്‍ഷകരുടെ വ്യാപകമായ ആവശ്യം.