മലയോര മേഖലയില്‍ കാട്ടുപന്നിയും മയിലും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു

Posted on: March 17, 2015 10:03 am | Last updated: March 17, 2015 at 10:03 am
SHARE

ആലത്തൂര്‍: തരൂര്‍,പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ മലയോരമേഖലയില്‍ കാട്ടുപന്നിയും മയിലും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു.
കൊയ്ത്തിനുപാകമായ നെല്‍വയലുകളില്‍ പന്നിക്കൂട്ടം നടത്തുന്ന വിളയാട്ടത്തില്‍ കൃഷി നശിക്കുന്നത് പതിവായി. കപ്പ, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവിളകള്‍ കുത്തിമറിച്ചിടുന്നു. വയല്‍വരമ്പ് കുത്തിപ്പൊട്ടിക്കുന്നു. ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ സംരക്ഷിക്കപ്പെടുന്ന മയിലുകള്‍ കാട്ടിലെ തീറ്റക്കുറവുമൂലം നെല്‍പ്പാടങ്ങള്‍ തേടിയെത്തുകയാണ്.
കൂട്ടമായി എത്തുന്ന ഇവ നെല്ല് കൊത്തിത്തിന്നുന്നതിനൊപ്പം നെല്‍ച്ചെടികള്‍ ചവിട്ടിമെതിച്ചുകളയും. മയിലുകള്‍ പുലര്‍ച്ചെയും വൈകുന്നേരവുമാണ് എത്തുന്നതെങ്കില്‍ രാത്രികാലത്താണ് പന്നികളുടെ വരവ്.
പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും പ്ലാസ്റ്റിക് കടലാസ് കെട്ടിത്തൂക്കിയും കമ്പിവേലികെട്ടിയുമൊക്കെ ഇവയെ തുരത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.വനംവന്യജീവി നിയമം കര്‍ഷകരുടെപക്ഷത്ത് അല്ലാത്തതിനാല്‍ കടുത്തനടപടിക്ക് ആരും മുതിരുന്നില്ലെന്നുമാത്രം. കുത്തനൂരില്‍ മുപ്പുഴ, തോലനി വനപ്രദേശത്തുനിന്നാണ് ഇവ എത്തുന്നത്.
കരടിയമ്പാറ, മുടികുത്താമ്പാറ, കൂനമ്പാറ, തോട്ടിങ്കല്‍, ചീനിക്കപ്പാറ, കുമ്മക്കുഴി, മൂച്ചിക്കൂട്ടം, ചിമ്പുകാട്, പെരുമ്പായില്‍, കടവണി തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യജീവിശല്യം രൂക്ഷം. തന്മൂലം കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികള്‍ നിര്‍ത്തലാക്കി പലരും പറമ്പുകള്‍ തരിശിട്ടിരിക്കുകയാണ്.
പെരിങ്ങോട്ടുകുറുശ്ശി, തരൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശത്ത് ചുലനൂര്‍ വനത്തില്‍നിന്നാണ് ഇവ എത്തുന്നത്.ചൂലനൂര്‍, നെച്ചൂര്‍, കുട്ടങ്കോട്, പന്നിക്കുളമ്പ്, തോണിപ്പാടം, മാട്ടുമല, ചിറക്കോട്, തോലമ്പുഴ പ്രദേശങ്ങള്‍ വന്യജീവികളുെട സ്ഥിരം വിഹാരമേഖലയാണ്.
കോട്ടായി നടുവത്തപ്പാറ പ്രദേശത്തും കാട്ടുപന്നിശല്യമുണ്ട്. ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വെങ്ങന്നിയൂര്‍, നിരങ്ങമ്പാറ, വീഴുമലയോരത്തെ കാട്ടുശ്ശേരി, മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ മലയോരപ്രദേശം, തേങ്കുറുശ്ശി, എരിമയൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ചിതലിമേഖല എന്നിവിടങ്ങളിലും വന്യജീവികള്‍ വിളകള്‍ നശിപ്പിക്കാറുണ്ട്. ഇടക്കാലത്ത് കുരങ്ങ് ശല്യവും രൂക്ഷമായിരുന്നു.