Connect with us

Wayanad

'സീന്‍ ഒന്ന് പഞ്ചായത്തിന്റെ വിവിധ ദൃശ്യങ്ങള്‍'; മീഡീയശ്രീ തിരക്കഥ ശില്‍പശാലക്ക് തുടക്കമായി

Published

|

Last Updated

കല്‍പ്പറ്റ: നാടിന്റെ കഥയെഴുതാനും ചരിത്രം, വര്‍ത്തമാനം, തുടങ്ങിയവ രേഖപ്പെടുത്താനും ചിത്രീകരണം നടത്താനും കുടുംബശ്രീ പ്രവര്‍ത്തകരെ സജ്ജരാക്കാനായി മീഡിയശ്രീക്ക് തുടക്കം. കുടുംബശ്രീ ആവിഷ്‌കരിച്ച നൂതന പദ്ധതിയായ മീഡിയശ്രീയുടെ ജില്ലതല ദ്വിദിന ശില്‍പശാല തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനവും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഓരോപഞ്ചായത്ത് അംഗങ്ങളും സിഡി എസ് ചെയര്‍പേഴ്‌സണ്‍മാരുമാണ് ദ്വിദിന ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. സ്വന്തം പഞ്ചായത്തിനെ കുറിച്ച് സി ഡി എസ് പ്രതിനിധികള്‍ ശേഖരിച്ച ഡാറ്റകള്‍ ഉപയോഗിച്ച് ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കാവശ്യമായ തിരക്കഥ തയ്യാറാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം നല്‍കിയിരുന്നു.
പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന തിരക്കഥയുപയോഗിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ഡോക്യുമെന്ററി ചിത്രങ്ങളായിപുറത്തിറങ്ങുന്നതോടെ മീഡിയശ്രീയുടെ ആദ്യ ഘട്ടം അവസാനിക്കും.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ക്യാമറ, ടെലിവിഷന്‍ ഗ്രാഫിക്ക്‌സ്, എഡിറ്റിംഗ് എന്നിവയില്‍ നൈപുണി പരിശീലനം നല്‍കിയ ശേഷം ഇവരെ തൊഴില്‍ ഗ്രൂപ്പാക്കി മാറ്റുന്ന “ഫെയിംശ്രീ” യാണ് അടുത്ത ഘട്ടം.
കോഴിക്കോട് സര്‍വ്വകലാശാലക്ക് കീഴിലുള്ള സൗത്ത് ഏഷ്യന്‍ കോളേജാണ് മീഡിയാശ്രീയുടെ പരിശീലന ചുമതല.
മീഡിയശ്രീ ദ്വിദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസ് അദ്ധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിനിബെന്നറ്റ് , കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓഡിനേറ്റര്‍ ടി.എന്‍ ശോഭ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതവും മീഡിയശ്രീ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിഗാള്‍ തോമസ് നന്ദിയും പറഞ്ഞു.
എസ്.എ.സി സി.ഇ.ഒ കെ.കെ. ദീപ്തീഷ്, അപര്‍ണറാം, ഇജാസ് ഹസന്‍, എം.എം സജീന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

Latest