Connect with us

Gulf

മതസൗഹാര്‍ദം നിലനിര്‍ത്താന്‍ യത്‌നിക്കണം

Published

|

Last Updated

അബുദാബി; മതസൗഹാര്‍ദം നിലര്‍ത്തുവാന്‍ യത്‌നിക്കണമെന്ന് ഗാന്ധിയനും മുന്‍ എം പിയുമായ സി ഹരിദാസ് പറഞ്ഞു. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാര്‍ദം തകരുന്നതിന്റെ കാരണം രാഷ്ട്ര ചരിത്രം അറിയാത്തതാണ്. ചരിത്രവും സ്വാതന്ത്ര്യസമര സേനാനികളെയും കുറിച്ച് പഠിച്ചവര്‍ക്ക് മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം കലഹിക്കുവാന്‍ കഴിയില്ല.
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന അധ്യായനമായിരുന്നു മഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോള്‍ വിഘടന വാദികളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭാരതത്തിന്റെ യൂദാസായ ഗോഡ്‌സയെ ഉയര്‍ത്തിക്കാട്ടുന്നവര്‍ രാജ്യത്തിന്റെ ഒറ്റുകാരാണ്. അദ്ദേഹം പറഞ്ഞു. മതവിശ്വാസി കൂടിയായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് വേണ്ടി ഗര്‍ജിച്ചിരുന്ന വ്യക്തിയായിരുന്നു- അദ്ദേഹം പറഞ്ഞു. മലപ്പുറം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയായ ഹരിദാസ് ട്രസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് അബുദാബിയില്‍ എത്തിയത്.
ട്രസ്റ്റിന്റെ ദിര്‍ഘനാളത്തെ ആഗ്രഹമായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ചെയര്‍ സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റിയുടെ അനുമതി ലഭിച്ചുകഴിഞ്ഞെന്നും ഭാരവാഹികള്‍ അറിയിച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആദര്‍ശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും പഠനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റിന്റെ യു എ ഇ ചാപ്റ്റര്‍ രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് രാത്രി ഏഴിന് അബുദാബി ഇസ്‌ലാമിക് സെന്ററില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറി മൂസ പി എടപ്പനാട്, യു എ ഇ ചീഫ് കോഡിനേറ്റര്‍ കെ എച്ച് ത്വാഹിര്‍, അബുദാബി കോഡിനേറ്റര്‍ എന്‍ പി മുഹമ്മദ് അലി, അബുദാബി കണ്‍വീനര്‍ ഗഫൂര്‍ വലിയകത്ത് സംബന്ധിച്ചു. കോഴിക്കോട് എയര്‍പോര്‍ട്ട് അടച്ചിടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. പ്രതിവിധികാണുന്നതിന് പകരം അടച്ചിട്ട് വിമാനത്താവളത്തിന്റെ വികസനം മരവിപ്പിക്കുന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്നും ഹരിദാസ് വ്യക്തമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി