Connect with us

Kannur

ആനവണ്ടിയില്‍ സുരക്ഷിത യാത്ര

Published

|

Last Updated

കണ്ണൂര്‍: നഷ്ടക്കണക്കുകളുടെ പേരില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെങ്കിലും അപകടരഹിത സര്‍വീസിന് ഇത്തവണയും പേരെടുത്തത് സര്‍ക്കാറിന്റെ സ്വന്തം വണ്ടി തന്നെ. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കണക്കെടുത്താല്‍ പേരുദോഷമില്ലാതെ രക്ഷപ്പെടുന്നത് കെ എസ് ആര്‍ ടി സി മാത്രമാണെന്ന് ഇക്കുറിയും വെളിപ്പെട്ടു. സംസ്ഥാന പോലീസ് പുറത്തുവിട്ട വാഹനാപകടങ്ങളുടെ കണക്കുകളിലാണ് അപകടം സൃഷ്ടിച്ച വാഹനങ്ങളില്‍ ഏറ്റവും കുറവ് ഇത്തവണയും കെ എസ് ആര്‍ ടി സിയാണെന്ന് കണ്ടെത്തിയത്. കെ എസ് ആര്‍ ടി സി ഏറ്റവുമധികം സര്‍വീസ് നടത്തുന്ന തെക്കന്‍ ജില്ലകളില്‍പ്പോലും താരതമ്യേന അപകടം കുറവാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം സിറ്റിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 2007 അപകടങ്ങളാണുണ്ടായത്. 175 പേര്‍ മരിച്ച ഈ അപകടങ്ങളില്‍ 806 പേര്‍ക്കാണ് പരുക്കേറ്റത്. ഈ കാലയളവില്‍ 114 അപകടങ്ങള്‍ മാത്രമാണ് കെ എസ് ആര്‍ ടി സി വരുത്തിയത്. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിലും ഇത്രത്തോളം തന്നെ അപകടങ്ങള്‍ കെ എസ് ആര്‍ ടി സിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍, മറ്റു സ്വകാര്യ വാഹനങ്ങളെല്ലാം കൂടി വലി അപകട പരമ്പര തന്നെ സൃഷ്ടിച്ചു. തിരുവനന്തപുരം കഴിഞ്ഞാല്‍ ആലപ്പുഴയിലാണ് കെ എസ് ആര്‍ ടി സി കൂടുതലായും അപകടത്തില്‍പ്പെട്ടത്. ആലപ്പുഴയില്‍ 104 തവണ കെ എസ് ആര്‍ ടി സി അപകടമുണ്ടാക്കി. എന്നാല്‍, മറ്റെല്ലാ ജില്ലയിലും വിവിധ വാഹനങ്ങള്‍ ആയിരക്കണക്കിന് അപകടങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതില്‍ കെ എസ് ആര്‍ ടിസിയുടെ അപകട നിരക്ക് നൂറില്‍ താഴെ മാത്രമാണ്. കോഴിക്കോട് സിറ്റിയില്‍ 1177 അപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഇതില്‍ 159 പേര്‍ മരിച്ചു. ഇതില്‍ സ്വകാര്യ ബസുകള്‍ 199 അപകടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ കെ എസ് ആര്‍ ടിസി ഉണ്ടാക്കിയത് 27 അപകടങ്ങള്‍ മാത്രം. കോഴിക്കോട്ടെ ഗ്രാമീണ മേഖലകളില്‍ സ്വകാര്യ ബസുകള്‍ മത്സരിച്ചോടിയും മറ്റും 222 അപകടങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി ഉള്‍പ്പെട്ടത് 35 അപകടങ്ങളില്‍ മാത്രമാണ്. കെ എസ് ആര്‍ ടിസിക്ക് ഏറ്റവുമധികം ലാഭമുണ്ടാക്കിക്കൊടുക്കുന്ന കണ്ണൂര്‍- കാസര്‍േേകാട് റൂട്ട് ഉള്‍പ്പെടുന്ന രണ്ട് ജില്ലകളിലുമായി 80ഓളം അപകടങ്ങള്‍ കെ എസ് ആര്‍ ടി സി യുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോള്‍ 300ലധികം അപകടങ്ങളാണ് സ്വകാര്യ ബസുകള്‍ മാത്രം സൃഷ്ടിച്ചത്.സംസ്ഥാനത്തൊട്ടാകെ 1200 അപകടങ്ങള്‍ കെ എസ് ആര്‍ ടി സിയുണ്ടാക്കിയപ്പോള്‍ 3208 അപകടങ്ങള്‍ സ്വകാര്യ ബസുകളുണ്ടാക്കി.