Connect with us

Kerala

ജി കെ ഇനി ദീപ്തസ്മരണ

Published

|

Last Updated

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന് മാന്യതയുടെ മുഖം നല്‍കിയ പ്രിയ നേതാവിന് കേരളം നിറകണ്ണുകളോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു. നിയമസഭയിലും സെക്രട്ടേറിയറ്റിലുമുള്‍പ്പെടെ വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരം ആറ് മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൊതുദര്‍ശനത്തിന് വെച്ചയിടങ്ങളിലെല്ലാം നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളോടെയും ഇടറിയ കണ്ഠങ്ങളോടെയുമാണ് ആയിരങ്ങള്‍ ജി കെക്ക് യാത്രാമൊഴി നല്‍കിത്.
ഔദ്യോഗിക വസതിയായ നീതിയില്‍ നിന്ന് ഭൗതികദേഹം നിയമസഭാ മെംബേഴ്‌സ് ലോഞ്ചിലും കെ പി സി സി ആസ്ഥാനത്തും തുടര്‍ന്ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയോടെ കാര്‍ത്തികേയന്റെ മണ്ഡലത്തിലെ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വന്തം വസതിയിലും പൊതുദര്‍ശനത്തിന് വെച്ചു. ഇവിടങ്ങളിലൊക്കെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രതിനിധാനം ചെയ്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, വീരപ്പ മൊയ്‌ലി, ചലച്ചിത്രതാരം സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍, കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സ്പീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

Latest