വറ്റിവരണ്ട സാന്ത്വന സാഗരം

Posted on: March 8, 2015 11:21 am | Last updated: March 8, 2015 at 11:21 am
SHARE

gk with rcകാര്‍ത്തികേയന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ലോകം മുഴുവന്‍ ശൂന്യമായതു പോലെയാണ് എനിക്കു തോന്നിയത്. ജീവിതത്തിലെ എല്ലാ വര്‍ണങ്ങളും ഒരുമിച്ച് അപ്രത്യക്ഷമായ അനുഭവമാണിപ്പോളെനിക്ക്. ജി കാര്‍ത്തികേയന്‍ എന്ന വ്യക്തി എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. സാഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും പര്യായമായിരുന്നു. 1978 ല്‍ അദ്ദേഹം കെ എസ് യു സംസ്ഥാനധ്യക്ഷനായിരുന്ന കാലം. അദ്ദേഹമടക്കം ഞങ്ങളെല്ലാവരും തിരുവനന്തപുരത്ത് ആയുര്‍വേദ കോളജിനടുത്തുള്ള സലാം ലോഡ്ജിലായിരുന്നു താമസം. ഞാന്‍, പന്തളം സുധാകരന്‍, ഹിദുര്‍ മുഹമ്മദ് അടക്കം ഇരുപതോളം പേര്‍. രാത്രി പത്രം വിരിച്ച് ഞങ്ങള്‍ ഒരുമിച്ച് തറയില്‍ കിടന്നുറങ്ങി. ചിലപ്പോള്‍ ഒരുമിച്ച് സിനിമക്ക് പോകും, പലപ്പോഴും പട്ടിണിയായിരുന്നു, ഒരേ രാഷ്ട്രീയ ബോധത്തിലും, ആദര്‍ശത്തിലും പങ്കുകാരായ ഞങ്ങള്‍ക്ക് മുഴുപ്പട്ടിണിയും പങ്കിടാന്‍ യാതൊരു വൈഷ്യമ്യവുമുണ്ടായില്ല. അന്നാംരംഭിച്ച ആത്മബന്ധം അദ്ദേഹത്തിന്റെ അവസാന നിമിഷം വരെ, ഒരണുവിട കുറയാതെ ഞാന്‍ കാത്തു സൂക്ഷിച്ചു.

karthikeyan
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ കാലത്ത് അദ്ദേഹവും, ഞാനും, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ അടിയുറച്ചു നിന്നു. കേരള വിദ്യാര്‍ത്ഥി യൂനിയന്റെയും, യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃനിരയില്‍ ഞങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. രാവെന്നും, പകലെന്നും ഭേദമില്ലാതെ കേരളം മുഴുവന്‍ ഓടി നടന്നു. ഒരു ജ്യേഷ്ഠ സഹോദരനില്‍ നിന്ന് ലഭിക്കേണ്ട സ്‌നേഹവും, കരുതലും, പിന്തുണയും എനിക്കദ്ദേഹം വാരിക്കോരി തന്നു. എല്ലാ പ്രതിസന്ധികളിലും, വൈഷമ്യങ്ങളിലും നനുത്ത സാന്ത്വന സ്പര്‍ശം ആ സാമീപ്യത്തിലുണ്ടായിരുന്നു. അത് നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യം എന്നെ വലിയൊരു ശൂന്യതയിലേക്കാണ് തള്ളിവിടുന്നത്. ഗുരുതരമായ കരള്‍രോഗം ബാധിച്ച് അമേരിക്കയിലേക്ക് ചികിത്സക്ക് പോകുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, താന്‍ കൂടെയുണ്ടാകണം, കണ്ണു നിറഞ്ഞുപോയ നിമിഷമായിരുന്നു എനിക്കത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ നീ കൂടെയുണ്ടാകണമെന്ന് ജ്യേഷ്ഠന്‍ അനുജനോട് പറയുന്നപോലെ. ഞങ്ങള്‍ അമേരിക്കയിലേക്ക് യാത്രതിരിക്കുമ്പോള്‍ തന്റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തിനാശങ്കയുണ്ടായിരുന്നു, എന്നാല്‍ ചികിത്സക്ക് ശേഷം വളരെ ഊര്‍ജ്വസ്വലനായും, ഉത്സാഹവാനുമായാണ് അമേരിക്കയില്‍ നിന്ന് അദ്ദേഹം തിരിച്ചുവന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് ഇനിയും തനിക്ക് വളരേയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന ശുഭാപ്തി വിശ്വാസം ആ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
രാഷ്ട്രീയ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. തിരുത്തല്‍ വാദമെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ നീക്കത്തിന്റെ കാലത്ത് ഒരേ മനസ്സും, ശരീരവുമായി ഞങ്ങള്‍ മുന്നോട്ടു പോയി. പരസ്പരം ആലോചിക്കാതെയും, ചര്‍ച്ച ചെയ്യാതെയും ഒരു തിരുമാനവും എടുത്തിരുന്നില്ല. ലീഡര്‍ കെ കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയത് വലിയ പ്രതിസന്ധിയായിരുന്നു സംഘടനാ തലത്തില്‍ കോണ്‍ഗ്രസിനുണ്ടാക്കിയത്. കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെ കാലത്ത് ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ട ബാധ്യത എന്റെ ചുമലിലായിരുന്നു. ആ വലിയ പ്രതിസന്ധിയില്‍ അദ്ദേഹമെനിക്ക് നല്‍കിയ ഉപദേശ നിര്‍ദേശങ്ങളാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ എനിക്ക് വലിയ ചാലക ശക്തിയായി വര്‍ത്തിച്ചത്.

G.K in the dias with AICC President Rajiv Gandhi & KPCC President C.V.Padmarajan.
പിന്നീട് ലീഡര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനൊരുങ്ങിയ കാലത്തും ഞാന്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്ത് നിന്നു. കെ കരുണാകന്‍ കോണ്‍ഗ്രസ് തറവാട്ടിലേക്ക് തിരിച്ചുവരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഏകാഭിപ്രായക്കാരായിരുന്നു. എന്ത് പ്രത്യാഘാതങ്ങള്‍ നേരിട്ടാലും ലീഡറെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തിരുമാനിച്ചതാണ്. ഞങ്ങളുടെ രണ്ടുപേരുടെയും രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായ നിര്‍ണായക ഘട്ടങ്ങളായിരുന്നു ഈ മൂന്ന് സംഭവങ്ങളും. ആ വൈതരണിയെ ഞാന്‍ തരണം ചെയ്തതെങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേയുള്ളു; ജി കാര്‍ത്തികേയന്റെ അളവില്ലാത്ത പിന്തുണ.
രാഷ്ട്രീയ ജീവിതത്തില്‍ മാത്രമൊതുക്കേണ്ടതല്ല കാര്‍ത്തികേയന്‍ എന്ന കരുത്തുറ്റ സാന്നിധ്യത്തെ, എന്റെ വ്യക്തിജീവിതത്തിലും അദ്ദേഹം വലിയൊരു സ്വാധീനമായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനപ്പുറം സ്‌നേഹസമ്പന്നനായിരുന്നു അദ്ദേഹം. പരസ്പരം വിശ്വസിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴുമാണ് മനുഷ്യജീവിതം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മഹത്തരമാക്കുകയെന്ന് അദ്ദേഹം വിശ്വസിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലാകട്ടെ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും തികച്ചും സൗമ്യമായ സാന്നിധ്യമായിരുന്നു അദ്ദേഹം. എല്ലാവരെയും, എപ്പോഴും ഒരുമിപ്പിച്ചു കൊണ്ടു പോകാന്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എല്ലാവരും ഒരുമിച്ച് പോകണം എന്ന കാര്യത്തില്‍ മാത്രമാണ് അദ്ദേഹം നിര്‍ബന്ധ ബുദ്ധി കാണിച്ചിട്ടുള്ളത്. പാര്‍ലിമെന്ററിരംഗത്ത് എം എല്‍ എ എന്ന നിലയിലും, മന്ത്രി, സ്പീക്കര്‍ എന്ന നിലകളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. സ്പീക്കര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം പ്രതിപക്ഷകക്ഷികളില്‍പ്പോലും അദ്ദേഹത്തിന് ഇഷ്ടപ്രേമികളെ നേടിക്കൊടുത്തു. എതിരഭിപ്രായങ്ങളോട് ഇത്രയുമധികം സഹിഷ്ണുത കാട്ടിയിട്ടുള്ള നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ വിരളമാണ്.
സംസ്‌കാരസമ്പന്നവും, സഹൃദയത്വവും നിറഞ്ഞതുമായ മനസ്സിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. നല്ല വായനാശീലത്തിലൂടെ ലോകത്തിലെ ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള അവഗാഹം അദ്ദേഹം നേടിയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാംഗഌരിലെ ആശുപത്രിയില്‍ വെച്ച് അവസാനമായി ഞാനദ്ദേഹത്തെ കണ്ടു. കണ്ണുതുറന്ന് എന്റെ നേരെ നോക്കാന്‍ മാത്രമെ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ക്ഷീണിതനെങ്കിലും ആ കണ്ണുകളില്‍ എന്നോടുള്ള വാത്സല്യവും, സ്‌നേഹവും, നിറഞ്ഞു തുളുമ്പുന്നത് എനിക്കറിയാന്‍ കഴിഞ്ഞു, എന്റെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചിരുന്നതു പോലെയായിരുന്നു അത്. കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ജി കാര്‍ത്തികേയനെന്ന അതുല്യനായ മനുഷ്യനെ, രാഷ്ട്രീയ നേതാവിനെ നമുക്ക് ഇത്ര പെട്ടെന്ന് നഷ്ടപ്പെടുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അദ്ദേഹം അതിന് സമ്മതം മൂളിയില്ല.
അസഹ്യമായൊരൊറ്റപ്പെടലാണ് അദ്ദേഹം കടന്നുപോകുമ്പോള്‍ എനിക്കനുഭവപ്പെടുന്നത്. ഇത്രയും നാള്‍ അനുഭവിച്ച സ്‌നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും കടല്‍ ഒരു നിമിഷം കൊണ്ട് വറ്റിപ്പോയതുപോലെ, നിലാവ് പെട്ടെന്നസ്തമിക്കുകയും, ജീവിത്തില്‍ ഇരുട്ടു നിറയുകയും ചെയ്ത പോലെ. പകരം വെക്കാനില്ലാത്ത ആ മഹദ്‌സാന്നിധ്യം പൊലിഞ്ഞുപോയെന്ന തിരിച്ചറിവില്‍ കണ്ണുകള്‍ നിറയുന്നു. കൂപ്പുകൈകളോടെ ഞാന്‍ ആദരാഞ്ജലികളര്‍പ്പിക്കട്ടെ.