Connect with us

Malappuram

ചോക്കാടിലെ അഴുക്ക്ചാല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ നടപടി

Published

|

Last Updated

കാളികാവ്: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയിലെ ചോക്കാട് അങ്ങാടിയില്‍ ഒരു മാസത്തോളമായി തടസപ്പെട്ട അഴുക്ക്ചാല്‍ പുനര്‍നിര്‍മാണത്തിന് നടപടി. പൊതുമരാമത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് അഴുക്ക്ചാല്‍ നിര്‍മാണം പുനരാരംഭിക്കാന്‍ തീരുമാനമായത്.
റോഡിലേക്കിറക്കിയാണ് അഴുക്ക്ചാല്‍ നിര്‍മിക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം നാട്ടുകാര്‍ അഴുക്ക്ചാല്‍ നിര്‍മാണം തടസപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ പ്രമോദ്, ഒാവര്‍സീയര്‍ സ്റ്റാലിന്‍, നിലമ്പൂര്‍ താലൂക്ക് സര്‍വേയര്‍ ഫൈസല്‍ എന്നിവരടങ്ങുന്ന സംഘമാണ് ചോക്കാട് അങ്ങാടിയിലെത്തിയത്. അഴുക്ക്ചാല്‍ നിര്‍മാണം നടന്ന് കൊണ്ടിരിക്കെയാണ് റോഡിലേക്ക് ചേര്‍ന്നാണ് നിര്‍മാണം നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ അഴുക്ക്ചാല്‍ നിര്‍മാണം തടഞ്ഞത്.
അഴുക്ക്ചാല്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം പൂര്‍ണമായി അടയാളപ്പെടുത്താതെയായിരുന്നു നിര്‍മാണം നടന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇത് കെട്ടിടം ഉടമകളെ സഹായിക്കാനാണെന്നും ആരോപണമുണ്ടായിരുന്നു. പിന്നീട് റോഡ് അളന്നെങ്കിലും നാട്ടുകാര്‍ പ്രവൃത്തി നടത്താന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. സംസ്ഥാന പാതയായി മാറിയതിനെ തുടര്‍ന്ന് നടന്ന പ്രവൃത്തിയില്‍ എല്ലാവരുടേയും സഹകരണത്തോടെ വീതികൂട്ടിയാണ് ടാറിംഗ് നടത്തിയിരുന്നതെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. കെട്ടിട നിര്‍മാണ ചട്ടപ്രകാരം റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ വിട്ട് കെട്ടിടം കയറ്റിയവരുടെ നിര്‍ദേശപ്രകാരം റോഡ് ടാറിംഗ് നടത്തിയപ്പോള്‍ വീതികൂട്ടിയാണ് ടാറിംഗ് നടത്തിയത് എന്ന് കെട്ടിടഉടമകളും പറഞ്ഞു.
അതേസമയം നിലവിലുള്ള ചോക്കാട് അങ്ങാടി ഇതിലേറെ വീതി ഉണ്ടായിരുന്നു എന്നും കെട്ടിടം ഉടമകള്‍ കൈയ്യേറിയതാണെന്നുമാണ് നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നത്. തര്‍ക്കം തുടര്‍ന്നതാണ് പ്രവൃത്തിക്ക് വിനയായത്. ഇതിനിടെ അഴുക്ക്ചാലില്‍ വീണ് ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാര്‍ കൂടുതല്‍ പ്രകോപിതരാകാന്‍ കാരണം.
പൊതുമരാമത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അശ്‌റഫ് പഞ്ചായത്ത് അംഗം ടി എ സമീര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കെട്ടിടം ഉടമകള്‍, വ്യാപാരി പ്രതിനിധികളായ ഇ പി കുഞ്ഞാണി, ടി കെ മാനുട്ടി, പി കുഞ്ഞാപ്പു, സി മുഹമ്മദാലി, ടി സുരേഷ്‌കമാര്‍ എം കെ അഹമ്മദ്കുട്ടി, പി അഹമ്മദ്‌കോയ, പി കുഞ്ഞാപ്പ, വി പി അശ്‌റഫ് പങ്കെടുത്തു.

Latest