ദക്ഷിണ കൊറിയയില്‍ യു എസ് അംബാസിഡറെ കുത്തിപ്പരുക്കേല്‍പ്പിച്ചു

Posted on: March 6, 2015 5:36 am | Last updated: March 5, 2015 at 11:36 pm
SHARE

സിയോള്‍: അമേരിക്കന്‍ അംബാസിഡര്‍ക്ക് നേരെ ദക്ഷിണ കൊറിയയില്‍ ആക്രമണം. യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കിയെത്തിയ ഒരാളാണ് സിയോളിലെ ആര്‍ട് സെന്ററില്‍ വെച്ച് കത്തികൊണ്ട് ഇദ്ദേഹത്തെ ആക്രമിച്ചത്. രണ്ട് കൊറിയകള്‍ക്കുമിടയില്‍ ഒരു സമാധാന നീക്കം നടത്തുന്നത് സംബന്ധിച്ച ഒരു പ്രസംഗത്തിനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് യു എസ് അംബാസിഡര്‍ മാര്‍ക്ക് ലിപ്പേര്‍ട്ടിന് നേരെ അതിക്രമം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഓപ്പറേഷന് ശേഷം സുഖമായിരിക്കുന്നതായും യു എസ് എംബസി അറിയിച്ചു. നല്ലത് മാത്രമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ആക്രമണത്തിന് ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആക്രമണം നടത്തിയ 55കാരനായ കിം കി ജോംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കത്തികൊണ്ട് അംബാസിഡറുടെ മുഖത്തും കൈക്കും ഇദ്ദേഹം കുത്തിയതായി പോലീസ് പറഞ്ഞു. 2010 സിയോളില്‍ വെച്ച് ജപ്പാന്‍ അംബാസിഡര്‍ക്ക് നേരെ കല്ലെറിഞ്ഞ കേസിലും ഇയാള്‍ പ്രതിയായിരുന്നു. സംഭവത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കൊറിയയുമായി സമാധാനത്തിലെത്തുന്നതിന് വേണ്ടി വാദിക്കുന്ന ചെറിയൊരു സംഘടനയുടെ മേധാവിയാണ് ഇയാളെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അക്രമണ സമയത്ത്, ഇനിയും യുദ്ധത്തിന് കോപ്പുകൂട്ടരുതെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ കൊറിയ അധിനിവേശത്തിനൊരുങ്ങുന്നു എന്ന തരത്തിലുള്ള കിംവദന്തികളെ എതിര്‍ത്ത് യു എസ് വിരുദ്ധ കൂട്ടായ്മ സിയോളില്‍ അടുത്തിടെ പ്രതിഷേധം നടത്തിയിരുന്നു.
സംഭവത്തെ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജിയോന്‍ ഹൈ അപലപിച്ചു. ദക്ഷിണ കൊറിയക്കും അമേരിക്കക്കും ഇടയിലുള്ള സഖ്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം അവകാശപ്പെട്ടു.