നികുതി വെട്ടിച്ച് കേരളത്തിലേക്ക് കോഴിക്കടത്ത് വ്യാപകം

Posted on: March 5, 2015 5:00 am | Last updated: March 4, 2015 at 11:57 pm
SHARE

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് ചെക്ക്‌പോസ്റ്റുകള്‍ വഴി നികുതി വെട്ടിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ കോഴിക്കള്ളക്കടത്ത് നിര്‍ബാധം തുടരുന്നു.

ആര്യങ്കാവിലെയും ആര്യനാട്ടെയും ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ഇത്തരത്തില്‍ കോഴിക്കള്ളക്കടത്ത് വ്യാപകമായിരിക്കുന്നത്. തമിഴ്‌നാട് നാമക്കലില്‍ നിന്ന് കുത്തക മുതലാളിമാരുടെ ഫാമുകളിലേക്ക് എത്തുന്ന കോഴികളെ പിന്നീട് ചെറുകിട വില്‍പ്പനക്കാരിലും ഫാമുകളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി സര്‍ക്കാറിന് നികുതിയിനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.
ഒരു കിലോ കോഴിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 95 രൂപയാണ്. ഇതിന്റെ 14.5 ശതമാനം നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ചെക്ക് പോസ്റ്റില്‍ നികുതി അടക്കാതെ ലോഡ് കണക്കിന് കോഴികളെയാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് കൊല്ലം ജില്ലയിലേക്കും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും എത്തിക്കുന്നത്. ഇതിന് പിന്നില്‍ വന്‍മാഫിയാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനം ഉള്ളതിനാല്‍ ഈ ലോബി പലപ്പോഴും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്. നികുതി വെട്ടിച്ച് കേരളത്തില്‍ എത്തുന്ന കോഴിക്ക് കിലോഗ്രാമിന് 55 മുതല്‍ 60 രൂപ വരെയുള്ള നിരക്കിലാണ് പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഇവിടെ ചില്ലറ വില്‍പ്പനയില്‍ ഉപഭോക്താവ്് ഇരട്ടി വിലക്ക് വില്‍ക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ നികുതി വെട്ടിച്ച് കുത്തക മുതലാളിമാര്‍ കീശ വീര്‍പ്പിക്കുമ്പോള്‍ ചെറുകിട കോഴി കര്‍ഷകരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
ചെറുകിട കര്‍ഷകര്‍ വളര്‍ത്തുന്ന കോഴികളെ ചെറിയ വിലക്ക് മാര്‍ക്കറ്റില്‍ എത്തിക്കേണ്ട അവസ്ഥയാണ് ഇതുമൂലം സംജാതമാകുന്നത്. 65 മുതല്‍ 70 രൂപ വരെയാണ് ഒരു കിലോ കോഴി ഉത്പാദിപ്പിക്കാന്‍ ചെലവാകുന്ന തുക. സര്‍ക്കാര്‍ കണക്കാക്കിയ തറവില 95 രൂപയാണ്. ഈ വില അനുസരിച്ച് കര്‍ഷകര്‍ 14 രൂപയോളം നികുതി അടക്കണം. എന്നാല്‍, ചെറുകിട കര്‍ഷകന് കോഴിക്ക് മൊത്ത വിപണിയില്‍ ലഭിക്കുന്ന വില 50 മുതല്‍ 55 രൂപ വരെയാണ്.
ഉത്പാദന ചെലവിനേക്കാള്‍ കൂടുതല്‍ നികുതി നല്‍കി ചെറുകിട കര്‍ഷകര്‍ നഷ്ടം സഹിക്കേണ്ട അവസ്ഥ സൃഷ്ടിച്ചത് കുത്തക മുതലാളിമാരാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഉത്പാദന ചെലവിന് ആനുപാതികമായി തറവില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.